കിഴക്കമ്പലം: അത്താണി - വാത്തിമറ്റം റോഡിൽ ചെങ്ങര എത്തേലിത്താഴം പാലം വീതി കൂട്ടി നിർമ്മിക്കാൻ തീരുമാനമായി. അപകടകരമായ രീതിയിൽ പാലം വീതി കുറച്ചുണ്ടാക്കാൻ നടത്തിയ നീക്കം നാട്ടുകാർ തടയുകയും 'കേരളകൗമുദി' വാർത്തയാക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.
എത്തേലിത്താഴം തോടിനു കുറുകെ നിർമ്മിക്കുന്ന പാലം നിലവിൽ ഒമ്പതുമീറ്റർ വീതിയിലാണ് നിർമ്മിച്ചിരുന്നത്. ഇത് 10.5 മീറ്ററാക്കി ഉയർത്തും. ഇതിനായി ടെൻഡർ തുക കരാറുകാരന് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചു നൽകും. എട്ടുലക്ഷംരൂപ മുടക്കിയാണ് പാലംനിർമ്മാണം പൂർത്തിയാക്കുന്നത്. ഒമ്പതുമീറ്റർ വീതിയിൽ നിർമ്മിച്ചാൽ വാത്തിമറ്റം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് പാലം കടക്കുമ്പോൾ അല്പം ശ്രദ്ധയൊന്ന് മാറിയാൽ കൈവരിയിലിടിക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്കുണ്ടായത്. റോഡിന്റെ വീതിയിൽ പാലത്തിനും വീതിയുണ്ടെന്നു കരുതി എത്തുന്ന വാഹന യാത്രക്കാർക്ക് അപകടമുണ്ടാകാൻ ഇടയുണ്ടെന്നായിരുന്നു നാട്ടുകാരുടെ പരാതി.
പാലത്തിന്റെ നിർമ്മാണ വേളയിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചെങ്കിലും റോഡിനോടുചേർന്നുള്ള കൃഷി ഭൂമിയുമായി ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിനെ എതിർത്തതാണ് ഒരു വശത്തേയ്ക്ക് മാത്രം നീക്കി പാലം നിർമ്മിക്കാനിടയാക്കിയത്. നിലവിൽ ഇതേ സ്ഥലത്തേയ്ക്ക് ഒന്നരമീറ്റർ നീട്ടാനാണ് ധാരണയായത്.
നീരൊഴുക്കും സുഗമമാകും
കഴിഞ്ഞ പ്രളയകാലത്ത് മേഖലയിലെ പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങി കൃഷി നശിക്കുകയും വീടുകളിൽ വെള്ളം കേറുന്ന സാഹചര്യവുമുണ്ടായതോടെയാണ് തോടുയർത്തി പാലം നിർമ്മിച്ച് നീരൊഴുക്ക് സുഗമമാക്കാൻ പാലം പണി തുടങ്ങിയത്. ഇതു വഴിയുള്ള ഗതാഗതവും മാസങ്ങളായി നിർത്തി വച്ചിരിക്കുകയാണ്. അപാകത പരിഹരിച്ച് പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കരാറുകാരൻ നിരാകരിച്ചതോടെയാണ് നാട്ടുകാർ പണി തടഞ്ഞത്. സംഭവമറിഞ്ഞ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.