ആലുവ: പെരിയാറിനോട് തൊട്ടുരുമി നിൽക്കുന്ന ഗ്രാമപഞ്ചായത്താണെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കടുങ്ങല്ലൂരിൽ പ്രസിഡന്റും സംഘവും വാട്ടർ അതോറിറ്റിക്കെതിരെ പ്രത്യക്ഷസമരവുമായി രംഗത്ത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ മുപ്പത്തടം, കാരോത്തുകുന്ന്, എരമം, കണിയാംകുന്ന് ഭാഗങ്ങളിൽ ഏറെ നാളുകളായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് സുരേഷ് മുട്ടത്തലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വാട്ടർ അതോറിട്ടി എ.ഇയെ ഉപരോധിച്ചു.
ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തണമെങ്കിൽ ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യേണ്ടിവരും. 1985ൽ സ്ഥാപിച്ച ഭൂഗർഭ പൈപ്പുകൾ കൂടുതൽ മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുമ്പോൾ പൊട്ടുന്ന അവസ്ഥയാണ്. ഇതാണ് മുഖ്യപ്രതിസന്ധി. മുപ്പത്തടം ശലശുദ്ധീകരണ ശാലയിൽ നിന്നാണ് കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ജലമിഷൻ പദ്ധതി പ്രകാരം കടുങ്ങല്ലൂർ പഞ്ചായത്ത് 1900ത്തോളം പേർക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പ്രവർത്തനം നടന്നുവരികയാണ്. കൂടാതെ ആലങ്ങാട് പഞ്ചായത്തിൽ 1100 പേർക്കും കരുമാല്ലൂരിൽ 1400 പേർക്കും പദ്ധതിപ്രകാരം കണക്ഷൻ നൽകുന്നുണ്ട്. ഇതോടൊപ്പം പ്രതിമാസം പുതിയ 50 കണക്ഷനുകളും നൽകുന്നുണ്ട്. ശരാശരി 10,000 പേർക്കാണ് വർഷത്തിൽ കുടിവെള്ള കണക്ഷൻ നൽകുന്നത്.
ജലമിഷൻ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ആവശ്യത്തിന് ശുദ്ധജലം നൽകുന്നതിന് മുപ്പത്തടം ജശുദ്ധീകരണ ശാലക്ക് ശേഷിയില്ലെന്നും നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി പുതിയ ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാൻ നടപടി വേണമെന്നാണ് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
ജനപ്രതിനിധികൾ ഉപരോധിച്ചു
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വാട്ടർ അതോറിട്ടി അസി. എൻജിനീയറെയാണ് ജനപ്രതിനിധികൾ ഉപരോധിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലിന് പുറമെ വൈസ് പ്രസിഡന്റ് രാജലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എസ്. താരാനാഥ്, അംഗങ്ങളായ ബേബി സരോജം, ടി.ബി. ജമാൽ, കെ.എ. രാജീവ്, ആർ. മീര, പ്രജിഷ, ഉഷ ദാസൻ എന്നിവർ നേതൃത്വം നൽകി.