
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് (കെൽ) തിരിച്ചുവരവിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെൽ മാമല യൂണിറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന പവർ ട്രാൻഫോർമർ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.
വൈദ്യുതി ബോർഡിനു പുറമെ മറ്റു സംസ്ഥാനങ്ങൾക്കും കെൽ ട്രാൻസ്‌ഫോർമറുകൾ നിർമിച്ചു നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവീന സങ്കേതങ്ങൾ സ്വന്തമാക്കി മുന്നേറാനുള്ള പരിശ്രമമാണ് സ്ഥാപനം നടത്തുന്നത്. പൊതുമേഖലാ ശാക്തീകരണത്തിന്റെ ഭാഗമായി കെല്ലിലും വലിയ തോതിലുള്ള നവീകരണം നടപ്പിലാക്കി. ഭാവിയുടെ വാഹനങ്ങളായ ഇലക്ട്രിക് വാഹനങ്ങൾക്ക് ധാരാളം ചാർജിംഗ് യൂണിറ്റുകൾ ആവശ്യമാണ്. ഇത് ഉത്പാദിപ്പിക്കാൻ കെൽ നടപടികൾ സ്വീകരിച്ചു.
ഇതുവരെ 26,000 പേർക്ക് വ്യവസായ വകുപ്പ് തൊഴിൽ നൽകിയതായി ചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. 63000 ചെറുകിട സൂഷ്മ, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ അനുമതി നൽകി.ഇതുവഴി രണ്ടേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകാനായതായി മന്ത്രി പറഞ്ഞു.
വി.പി. സജീന്ദ്രൻ എം.എൽ.എ, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് ഡയറക്ടർ പി. കുമാരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്., കെ.ഇ.എൽ ചെയർമാൻ വർക്കല വി. രവികുമാർ, എം.ഡി ഷാജി എം. വർഗീസ് എന്നിവർ പങ്കെടുത്തു.