മൂവാറ്റുപുഴ: ഭാരതീയ ദലിത് സാഹിത്യ അക്കാഡമിയുടെ സംസ്ഥാന കലാരത്ന പുരസ്കാരത്തിന് സജി അമ്പാടി അർഹനായി. നാല് പതിറ്റാണ്ടായി നാടൻകലാ പ്രവർത്തനരംഗത്തെ നിറസാന്നിദ്ധ്യമാണ്. മദ്ധ്യകേരളത്തിലെ അറിയപ്പെടുന്ന നാടൻകലാ കുടുബമായ മൂവാറ്റുപുഴ രണ്ടാർകര കാട്ടുകണ്ടത്തിൽ നെല്ലാന്റേയും മുണ്ടിയുടേയും മകനായ സജി ആചാര അനുഷ്ഠാന - ആയോധന കലാകുടുംബത്തിലെ ഇളയതലമുറയിലെ കണ്ണിയാണ്. 2019ലെ ഭാരതീയ ദളിത് സാഹിത്യഅക്കാഡമി ന്യൂഡൽഹിയിലെ പഞ്ചശീൽ ആശ്രമത്തിൽ വച്ച് സജിയെ ആദരിച്ചു. ഫെബ്രുവരി 14ന് മലപ്പുറം മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ കലാരത്നപുരസ്കാരം ഏറ്റുവാങ്ങുമെന്നും സജിയുൾപ്പെടുന്ന മൂവാറ്റുപുഴ ഉദിനകൂട്ടും നാടൻകലാസമിതിയിലെ ഭാരവാഹികളായ വി.എസ്. അർജുനൻ, രഞ്ജിത് സിദ്ധാർത്ഥ്, രമതലക്കോട്, ജോളി പുന്നേക്കാട് എന്നിവർ അറിയിച്ചു.