കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ നിയമന വിവാദം ആരോപിച്ച് ഭരണ മുന്നണിയിലെ ഘടകകക്ഷി നേതാവ് തന്നെ രംഗത്ത് വന്നത് ഏറെ ഗൗരവമുള്ളതാണെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണം. കഴിഞ്ഞ വർഷം ആദ്യം കൂടിയ ആശുപത്രി വികസന സമിതി യോഗത്തിൽ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കണമെന്ന് തീരുമാനിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഒരുവിഭാഗം ആരോഗ്യ പ്രവർത്തകർ ഊണും ഉറക്കവുമില്ലാതെ നാടിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മറ്റൊരു ചെറിയ വിഭാഗം കൊവിഡിന്റെ മറവിൽ അഴിഞ്ഞാടുകയാണ്. കൊച്ചിയുടെ അഭിമാനമാകേണ്ട മെഡിക്കൽ കോളേജിനെ തകർക്കാൻ ഗൂഢനീക്കം നടത്തുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അർഹരായ ഒട്ടനവധി പേരാണ് തൊഴിലിനായി കാത്ത് നിൽക്കുന്നത്. അനധികൃത നിയമനങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.