പറവൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 11ന് വൈകിട്ട് നാലിന് പറവൂരിലെത്തും. ജാഥയെ വരവേൽക്കാൻ യു.ഡി.എഫ് പ്രവർത്തകർ നടത്തുന്ന വിപുലമായ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പറവൂർ നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നും നഗരസഭ പരിധിയിൽ നിന്നുമുള്ള മുഴുവൻ പ്രവർത്തകരെയും ജനങ്ങളെയും പറവൂർ ടൗണിൽ മുനിസിപ്പൽ പാർക്ക് മൈതാനത്തെത്തിക്കും. വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുമെത്തുന്ന പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ ഒത്തുചേർന്നു ജാഥയായി നാലിന് സമ്മേളന സ്ഥലത്തെത്തുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് അറിയിച്ചു. വരാപ്പുഴയിൽനിന്നും വരുന്നവർ നമ്പൂരിയച്ചൻആൽ പരിസരത്തും കോട്ടുവള്ളിയിൽ നിന്നുള്ളവർ കച്ചേരിപ്പടി, ഏഴിക്കര നിന്നുള്ളവർ കെ.എം.കെ ജംഗ്ഷൻ, ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളിലുള്ളവർ-ചേന്ദമംഗലം കവല, വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്തുകളിൽ നിന്നുള്ളവർ കണ്ണൻകുളങ്ങര ക്ഷേത്രപരിസരത്തും ഒത്തുചേർന്ന് ജാഥയായി സമ്മേളന സ്ഥലത്തെത്തും. പ്രചരണത്തിനായി ഭാഗമായി നഗരത്തിൽ ഇന്ന് വിളംബരജാഥ നടക്കും.