പള്ളുരുത്തി: കൊച്ചി കോർപ്പറേഷൻ തിര‌ഞ്ഞെടുപ്പ് പാളിച്ചകളും മറ്റും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത് കോൺഗ്രസ് നേതൃത്വത്തിന് നാണക്കേടായി. മുൻ മന്ത്രി കെ.ബാബു പങ്കെടുത്ത യോഗമാണ് തമ്മിത്തല്ലി പിരിഞ്ഞത്. കെ.ബാബു പെരുമ്പടപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബേസിൽ മൈലന്തറയ്ക്ക് എന്നിവർക്ക് നേരെ കൈയ്യേറ്റ ശ്രമമുണ്ടായി. ഇവരുവരും പിന്നീട് യോഗത്തിൽ നിന്നും വിട്ടു നിന്നു.തിങ്കളാഴ്ച വൈകിട്ട് കുമ്പളങ്ങിവഴിയിലെ മുല്ലശേരി ആർക്കേഡിലായിരുന്നു യോഗം. കെ.ബാബുവും ബേസിലും യോഗത്തിൽ എത്തിയതോടെയാണ് വാക്കേറ്റമുണ്ടായത്. ഗ്രൂപ്പ് തിരിഞ്ഞ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ബഹളം. ഈ വാക്കേറ്റമാണ് പിന്നീട് കൈയ്യാങ്കളിയിൽ കലാശിച്ചത്. സംഭവത്തിൽ ഡി.സി.സിക്ക് പരാതി നൽകുമെന്ന് പ്രവർത്തകർ പറഞ്ഞു. അതേസമയം കുമ്പളങ്ങിയിൽ എ.ഐ ഗ്രൂപ്പുകാർ തമ്മിലുണ്ടായ കൈയാങ്കളിയിൽ പഞ്ചായത്തംഗം പരിക്കേറ്റ് ആശുപത്രിയിലായി. ആന്റണി പെരുമ്പിള്ളിക്കാണ് പരിക്കേറ്റത്. വാർഡുകളിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ചയാളെ കൊച്ചി നിയോജക മണ്ഡലം സെക്രട്ടറിയായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. തിങ്കളാഴ്ച രാത്രി കുമ്പളങ്ങി സഹകരണ ബാങ്കിനു മുന്നിലായിരുന്നു സംഭവം. ഇതേ ചൊല്ലി ഇന്നലെ പഞ്ചായത്ത് ഓഫീസിനു മുന്നിലും സംഘർഷമുണ്ടായി. എ ഗ്രൂപ്പിലെ വനിതാ പഞ്ചായത്തംഗങ്ങളോട് സംസാരിച്ചു നിൽക്കെ റോജൻ എന്ന പ്രവർത്തകനെ കഴിഞ്ഞ ദിവസം പരിക്കേറ്റ ആന്റണി പെരുമ്പിള്ളി എത്തി മർദ്ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വനിതാ അംഗങ്ങളെ ആന്റണി പെരുമ്പിള്ളിയെ അസഭ്യം പറഞ്ഞുവത്രേ. സംഭവത്തിൽ പള്ളുരുത്തി സി.ഐക്ക് പരാതി നൽകിയിട്ടുണ്ട്.‌