road
ചാലാക്കൽ പാലത്തിന് സമീപം ടൈൽ വിരിച്ച റോഡിൽ എംസാന്റ് വീണ് അപകടമുണ്ടായതിനെ തുടർന്ന് പൊലിസ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് റോഡ് കഴുകി സഞ്ചാരയോഗ്യമാക്കുന്നു

നെടുമ്പാശേരി: തിരക്കേറിയ റോഡിൽ ടോറസ് ലോറികളിൽ നിന്നും എം സാന്റ് വീണ് അപകടം ആവർത്തിച്ചതോടെ പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. അത്താണി - മാഞ്ഞാലി റോഡിൽ ചാലാക്കൽ പാലത്തിന് സമീപത്ത് ടൈൽ വിരിച്ച 150 ഓളം മീറ്റർ ഭാഗത്താണ് അപകടം ആവർത്തിച്ചത്.

ഇരുചക്രവാഹനങ്ങളാണ് കൂടുതലും മണൽ പൊടിയിൽ തെന്നി മറിഞ്ഞുവീണത്. സംഭവമറിഞ്ഞ് ചെങ്ങമനാട് പൊലിസ് സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് വിവരം അറിയിച്ചതിനെ തുടർന്ന് പറവൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് റോഡ് കഴുകി പൂർണ്ണമായും സഞ്ചാരയോഗ്യമാക്കാനായത്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നോർത്ത് പറവൂരിലേക്കുള്ള റോഡിലായിരുന്നു അപകടം. പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ പി.ഡി. ബെന്നി, സന്തോഷ്, സി.പി.ഒ സിയാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പറവൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി.ജി റോയിയുടെ നേതൃത്വത്തിൽ 12 ഓളം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുമാണ് റോഡ് സഞ്ചാരയോഗ്യമാക്കാൻ രംഗത്തിറങ്ങിയത്.