
ഏലൂർ: ഒരു ദിവസം ഒരു ചിത്രം. അങ്ങനെ 500 ദിവസങ്ങൾ. ഏലൂർ വെള്ളകോളിൽ വീട്ടിൽ നിസാർ കഴിഞ്ഞ പിറന്നാൾ ദിനം മുതൽ വരച്ചെടുത്ത ചിത്രങ്ങളുടെ ശേഖരം നിറഞ്ഞപ്പോൾ ഒരു എക്സിബിഷൻ നടത്തി. ചിത്രങ്ങളുമായി ആർട്ട് ഗ്യാലറിയിലേക്കൊന്നും നിസാർ പോയില്ല. പകരം സന്ത്വം വീട്ടിൽ തന്നെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു. വിവരം കേട്ടറിഞ്ഞ് നിസാറിന്റെ വീട്ട് മുറ്റം ഇപ്പോൾ മിനി ആർട്ട് ഗ്യാലറി പോലെയായി.
ഫേസ്ബുക്കിലെ 1001വരകളെന്ന ചലഞ്ച് ഏറ്റെടുത്താണ് ഈ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ചിത്രം വര തുടങ്ങളിയത്. ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെയും അടുത്ത് പരിചയമുള്ളവരെയുമാണ് നിസാർ പകർത്തിയത്. ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്തും അവധി ദിവസങ്ങളിലുമാണ് ചിത്രംവര. ജോലിക്കിടെ ചിലദിവസങ്ങളിൽ വരക്കാൻ കഴിയാതെ വന്നാൽ, തൊട്ടടുത്ത ദിവസം രണ്ട് ചിത്രം വരയ്ക്കും. ലോക്ഡൗണിൽ കൂടുതലും ചിത്രം വരയിലാണ് നിസാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കുട്ടിക്കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ചു. ചിത്രം രചനയിൽ സജീവമായിട്ട് ഇപ്പോൾ അഞ്ചു വർഷമായി. വരയിൽ കമ്പം കേറിയപ്പോൾ കാർട്ടൂൺ അക്കാദമിയുടെ ക്യാമ്പുകളിൽ പങ്കെടുക്കാൻ തുടങ്ങി. ചിത്രങ്ങൾ കണ്ട അക്കാദമിയുടെ മുൻ ഉപാദ്ധ്യക്ഷൻ ഇബ്രാഹിം ബാദുഷയാണ് കാരിക്കേച്ചർ ചെയ്യാൻ പ്രേരിപ്പിച്ചത്. അവാർഡ് ജേതാവ് സുനിൽ ലിനസ് ഡെയുടെ ശിക്ഷണം കൂടിയായപ്പോൾ വര ഉഷാറായി. നിസാർ കേരളകൗമുദിയോട് പറഞ്ഞു.
നിസാറിന്റെ മകൾ ലിയ പിള്ളയും ലോക്ഡൗണിൽ 50 ഓളം ചിത്രങ്ങൾ വരച്ചിരുന്നു. ഇതിന്റെ പ്രദർശനവും വീട്ടിൽ തന്നയാണ് ഒരുക്കിയത്. ഏലൂരും പെരിയാർ തീരുവുമൊക്കെയായിരുന്നു മകളുടെ വരയിലെല്ലാം. ജില്ലാ സംസ്ഥാന തലത്തിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് ലിയ.