
ആർ.എസ്.എസ് ചതിച്ചതെന്ന്
പെരുമ്പാവൂർ: അയോദ്ധ്യാ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് തുക സംഭാവന ചെയ്ത എൽദോസ് കുന്നപ്പിളളി എം.എൽ.എ വിവാദത്തിലായി. ശ്രീരാമ ക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരക് അജേഷ് കുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നുവെന്ന അടിക്കുറിപ്പോടെയുള്ള ചിത്രം സംഘപരിവാർ, സി.പി.എം പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എം.എൽ.എയ്‌ക്കെതിരെ വെൽഫെയർ പാർട്ടിയും പി.ഡി.പിയും രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ മാപ്പപേക്ഷയുമായി എൽദോസ് കുന്നപ്പിള്ളി രംഗത്തുവന്നു. ഏതെങ്കിലും മതവിഭാഗത്തെ തന്റെ പ്രവൃത്തി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു. ആർ.എസ്.എസ് ചതിച്ചതാണ്. ഇരിങ്ങോൾ കാവിന്റെ ഭാരവാഹികളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇരിങ്ങോൾ കാവിലേക്കെന്ന് കരുതിയാണ് സംഭാവന നൽകിയത്. അനാവശ്യ വിവാദമുണ്ടാക്കാനാണ് എൽ.ഡി.എഫിന്റെ ശ്രമമെന്നും എൽദോസ് പറഞ്ഞു.