
കൊച്ചി: നിക്ഷേപ തട്ടിപ്പു കേസിൽ ബി.ആർ.ഡി ഗ്രൂപ്പ് ചെയർമാൻ സി.സി. വില്യംസിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. വിദേശത്തു നിന്നു 9 കോടി രൂപ നിക്ഷേപം സ്വീകരിച്ചെന്ന കേസിലാണ് കുന്നംകുളം സ്വദേശി സി.സി. വില്യംസ് അറസ്റ്റിലായത്.
15 മുതൽ 18 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് കേസ്. ഓഹരി നിക്ഷേപത്തിന്റെ മറവിൽ നിരവധി പേരിൽ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം. ബി.ആർ.ഡി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ഇ.ഡി മിന്നൽ പരിശോധന നടത്തിയിരുന്നു. വില്യംസിനെ ഏഴു ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടു. വിദേശമൂലധന നിക്ഷേപ നിയന്ത്രണ നിയമം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ തുടങ്ങിയ വകുപ്പുകളിലെ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.