
കൊച്ചി : ജീവനക്കാരുടെയും തൊഴിലുടമയുടെയും ഇ.എസ്.ഐ വിഹിതം അടയ്ക്കുന്നതിൽ കുടിശികയുണ്ടെന്ന കാരണത്താൽ ഇ.എസ്.ഐ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കുടിശിക ഇൗടാക്കാൻ ഇ.എസ്.ഐ കോർപ്പറേഷന് നിയമപരമായി നടപടിയെടുക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ചിന്റെ വിധി. കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്‌കൂൾ ടീച്ചർ ഭർത്താവിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സൂപ്പർസ്പെഷ്യാലിറ്റി മെഡിക്കൽ ആനുകൂല്യത്തിനായി നൽകിയ അപേക്ഷ നിരസിച്ച ഇ. എസ്.ഐ കോർപ്പറേഷന്റെ ഉത്തരവു റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. 2010 ജൂൺ മുതൽ ടീച്ചറിന്റെ ശമ്പളത്തിൽനിന്ന് സ്കൂൾ അധികൃതർ ഇ.എസ്.ഐ വിഹിതം പിടിക്കുന്നുണ്ട്. എന്നാൽ 2019 ഏപ്രിൽ മുതൽ 2020 മാർച്ചുവരെ വിഹിതം അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.എസ്.ഐ അധികൃതർ അപേക്ഷ നിരസിച്ചത്. പ്രളയവും കൊവിഡ് ലോക്ഡൗണും നിമിത്തമാണ് വിഹിതം അടയ്ക്കുന്നതിൽ കുടിശിക വന്നതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. കുടിശികത്തുക അടയ്‌ക്കുകയും ചെയ്തു സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഇ.എസ്.ഐ കോർപ്പറേഷൻ ഹർജിക്കാരിയുടെ ഭർത്താവിന് സൂപ്പർസ്പെഷ്യാലിറ്റി മെഡിക്കൽ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്നും വിലയിരുത്തി.
എന്നാൽ 2018ലെ ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ജനറലിന്റെ ഒാഫീസ് മെമ്മോറാണ്ടം അനുസരിച്ച് ഹർജിക്കാരിയുടെ ഭർത്താവിന് സൂപ്പർസ്‌പെഷ്യാലിറ്റി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരിയുടെ ഭർത്താവിന് രോഗം ഗുരുതരമായതിനാൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് പോംവഴിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിന് വൃക്ക ദാനംചെയ്യാൻ ഹർജിക്കാരി തയ്യാറുമാണ്. ഇൗ സാഹചര്യത്തിൽ ഇരുവർക്കും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ആനുകൂല്യം ലഭ്യമാക്കാൻ എത്രയുംവേഗം നടപടി സ്വീകരിക്കാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.