
കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ വിനോദയാത്രാ വിഭാഗമായ ഐ.ആർ.സി.ടി.സിയുടെ പാക്കേജുകൾക്ക് മലയാളികളിൽ നിന്ന് വലിയ ഡിമാൻഡ്. കൊവിഡിൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.ആർ.സി.ടി.സിയുടെ കേരള മേഖലയിൽ പ്രഖ്യാപിച്ച പാക്കേജുകളെല്ലാം ഫുൾ! പരീക്ഷണാർത്ഥം തുടങ്ങിയ അയോദ്ധ്യാ യാത്ര ആദ്യമേ തന്നെ ബുക്കിംഗായി. തുടർന്ന് നിശ്ചയിച്ച രണ്ട് അയോദ്ധ്യാ പാക്കേജുകൾക്കും ഇനി ടിക്കറ്റില്ല.
കൊവിഡ് കടുത്തപ്പോൾ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐ.ആർ.സി.ടി.സി യാത്രാപാക്കേജുകൾ താത്കാലികമായി പിൻവലിച്ചത്. ഒരു വർഷത്തിന് ശേഷം വിമാനയാത്രാ പാക്കേജുകൾ ജനുവരിയിൽ പുനരാരംഭിച്ചു. എല്ലാ പാക്കേജുകളും ഒറ്റയടിക്ക് ഫുൾ ബുക്കിംഗാണ്. കുറഞ്ഞ നിരക്കും മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് ഐ.ആർ.സി.ടി.സിയുടെ പ്രത്യേകത.
ജനുവരി ഒമ്പതിന് ഗുജറാത്ത് റാൻ ഒഫ് കച്ചിലേക്കുള്ള ആദ്യയാത്രയിൽ 24 സീറ്റും ഫുള്ളായി. ഫെബ്രുവരി 13നുള്ള ഇതേ യാത്രയുടെ ടിക്കറ്റും വിറ്റുതീർന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നിശ്ചയിച്ച മൂന്ന് ഹൈദരാബാദ് യാത്രകൾക്കും ഇതാണ് അവസ്ഥ.
ട്രെയിൻ യാത്ര 18ന്
ഐ.ആർ.സി.ടി.സി കേരള മേഖലയുടെ ആദ്യ കൊവിഡാനന്തര ട്രെയിൻ പാക്കേജ് ഫെബ്രുവരി 18നാണ്. പത്ത് ദിവസയാത്രയുടെ 650 സീറ്റുകളും ബുക്കിംഗായി. മദ്ധ്യപ്രദേശ്, ഖജുരാഹോ, ഗ്വാളിയർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രത്യേക ട്രെയിനിൽ യാത്ര.
കൊവിഡ് പ്രോട്ടോക്കോളും മുൻകരുതലുകളും പാലിച്ചാണ് എല്ലാ നടപടികളും. ഒരു കമ്പാർട്ട്മെന്റ് ക്വാറന്റെെൻ സൗകര്യത്തോടെയാണ്. ലഗേജുകളെല്ലാം ട്രെയിനിൽ കയറ്റും മുമ്പേ അണുനശീകരണം ചെയ്യും. രണ്ടാമത്തെ ട്രെയിൻ യാത്രാ പാക്കേജ് മാർച്ച് 31ന് ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കാണ്. ഗോവ, ജയ്പൂർ, ആഗ്ര, ചണ്ഡീഗഢ് വഴിയുള്ള യാത്ര 13 ദിവസത്തേതാണ്. ബുക്കിംഗ് ഉടനെ ആരംഭിക്കും.
''കൊവിഡിന് ശേഷമുള്ള ഐ.ആർ.സി.ടി.സി പാക്കേജുകൾക്ക് നല്ല ഡിമാൻഡാണ്. യാത്ര ചെയ്യാൻ ജനങ്ങൾക്ക് താത്പര്യമേറുന്നത് ശുഭകരമാണ്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് യാത്ര""
ആർ.രതീഷ് ചന്ദ്രൻ,
ജോ. ജനറൽ മാനേജർ
ഐ.ആർ.സി.ടി.സി