കൊച്ചി: ഗോശ്രീ ദ്വീപുകളിൽ ഗതാഗതം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സുഗമമായയാത്ര ഉറപ്പാക്കാൻ റോഡ് വീതികൂട്ടൽ, ഇതിനായി സ്ഥലം ഏറ്റെടുക്കൽ, പാലം നിർമ്മാണം തുടങ്ങിയ ജോലികളും കുടിവെള്ളമുൾപ്പെടെ എത്തിക്കാനുള്ള നടപടിയും പൂർത്തിയാക്കാനാണ് സർക്കാരിനും ജിഡയ്ക്കും (ഗോശ്രീ ദ്വീപ് വികസന അതോറിറ്റി) ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഹൈക്കോടതി നിർദ്ദേശം നൽകിയത്. കടമക്കുടി പഞ്ചായത്തിലെ ഒമ്പതു ദ്വീപുകളിലേക്ക് കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് കെൽസയും (കേരള ലീഗൽ സർവീസ് അതോറിറ്റി) മൂലമ്പിള്ളി - പിഴലപ്പാലം നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം പിഴല യൂണിറ്റും നൽകിയ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി.

ഗോശ്രീ ദ്വീപുകളിലേക്കുള്ള ഗതാഗതം, വൈദ്യുതി, ആശുപത്രി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നു വ്യക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കടമക്കുടി പഞ്ചായത്തിൽ മതിയായ ചികിത്സാസൗകര്യമില്ലെന്നതു സത്യമാണെങ്കിലും ഇവിടെ ആശുപത്രി നിർമ്മിക്കുന്നത് ജിഡയുടെ സാമ്പത്തികനില തകർക്കും. ഇപ്പോൾത്തന്നെ ജിഡയുടെ ജനറൽ കൗൺസിൽ അംഗീകരിച്ച പദ്ധതികൾ നടപ്പാക്കുന്നതിന് 59.86 കോടി രൂപയുടെ കുറവുണ്ട്. നിലവിലെ പദ്ധതികൾക്കായി വകയിരുത്തിയ പണം മറ്റേതെങ്കിലും പദ്ധതിയിലേക്ക് മാറ്റിയാൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണപ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 48 ലക്ഷം രൂപ ചെലവിട്ട് പിഴലയിൽ ജിഡ പ്രാഥമികാരോഗ്യകേന്ദ്രം നിർമ്മിച്ചിരുന്നു. നിലവിൽ ജിഡയുടെ പദ്ധതികളിൽ 50 ശതമാനവും കടമക്കുടി പഞ്ചായത്തിലെ പദ്ധതികൾക്കാണ് നീക്കിവച്ചതെന്നും ഡിവിഷൻബെഞ്ച് വിലയിരുത്തി.

ഹർജി നിലനിൽക്കെ പിഴലപ്പാലം തുറന്നുകൊടുത്തിരുന്നു. ഗോശ്രീ ദ്വീപുകളുടെ വികസനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യക്തമാക്കി ജിഡ നൽകിയ റിപ്പോർട്ട് തൃപ്തികരമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി പല പദ്ധതികളും പൂർത്തിയായതായും വിലയിരുത്തി.എന്നാൽ റോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നീളുകയാണെന്നും സുഗമമായ യാത്ര ഉറപ്പാക്കാൻ നടപടി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് ഇതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്.