
കൊച്ചി:സംസ്ഥാനത്ത് ഒാൺലൈൻ റമ്മി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 1960 ലെ ഗെയിമിംഗ് ആക്ടിൽ ഒാൺലൈൻ റമ്മി ഉൾപ്പെടുത്തി വിജ്ഞാപനമിറക്കും. സംസ്ഥാന പൊലീസ് മേധാവി ഇതിനായി സമർപ്പിച്ച ശുപാർശ നിയമവകുപ്പ് അംഗീകരിച്ചു.
റമ്മിയടക്കമുള്ള ഒാൺലൈൻ ചൂതാട്ടവും പന്തയവും തടയാൻ തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.
കേരളത്തിൽ നിലവിലുള്ള നിയമത്തിൽ ഒാൺലൈൻ റമ്മിയടക്കമുള്ള മത്സരങ്ങൾ ഉൾപ്പെട്ടിരുന്നില്ല. ഇൗ പഴുതിലാണ് മത്സരങ്ങൾ പ്രചരിക്കുന്നത്. നേരിയ വിജയസാദ്ധ്യത മാത്രമുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്നെന്നും ചിലർ ആത്മഹത്യ ചെയ്തെന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഒാൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ച ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ചലച്ചിത്ര താരങ്ങളായ തമന്ന, അജു വർഗീസ് തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. അതീവ ഗൗരവമുള്ള വിഷയമാണെന്ന് വ്യക്തമാക്കിയാണ് സർക്കാരിന് നടപടി തുടരാൻ ഹൈക്കോടതി ഇപ്പോൾ അനുമതി നൽകിയത്.
 ഓർഡിനൻസിനെതിരെ കമ്പനികൾ
തമിഴ്നാട്,അസം, തെലങ്കാന, ഒഡിഷ,ആന്ധ്ര സംസ്ഥാനങ്ങൾ ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ ഓർഡിനൻസിറക്കിയിരുന്നു. അതിനെതിരെ ഗെയിം കമ്പനികൾ കോടതിയിലെത്തിയിട്ടുണ്ട്. 1960ലെ ഗെയിമിംഗ് ആക്ടിൽ പണം വച്ചുള്ള വാതുവയ്പ്പും കളികളും ചൂതാട്ടത്തിന്റെ പട്ടികയിലാക്കി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഭാഗ്യത്തേക്കാൾ കഴിവും ബുദ്ധിയും വൈദഗ്ദ്ധ്യവും വേണ്ട ഗെയിമുകൾ, നിരോധിച്ചിട്ടുള്ള ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്.