കൊച്ചി : ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയടക്കമുള്ള നേതാക്കൾ രാജിവച്ച് ജനതാദൾ സെക്യൂലറുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ എൽ.ജെ.ഡിയുടെ അസ്തിത്വം നഷ്ടപെട്ട സാഹചര്യത്തിലാണ് രാഷ്ട്രീയനയം, പരിപാടി, ആദർശം എന്നിവയിൽ വ്യത്യാസമില്ലാത്ത ജെ.ഡി.എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു. മാർച്ചിൽ എൽ.ഡി.എഫ് ജാഥയ്ക്ക് ശേഷം ലയന സമ്മേളനം കൊച്ചിയിൽ ചേരുമെന്നും നേതാക്കൾ പറഞ്ഞു. പോഷക സംഘടന നേതാക്കളും പ്രവർത്തകരും ജെ.ഡി.എസിൽ ചേരും. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. എബ്രാഹാം പി മാത്യു, വൈസ് പ്രസിഡന്റ് സി.കെ. ഗോപി, എറണാകുളം ജില്ലാ പ്രസിഡന്റ് അഗസ്​റ്റിൻ കോലഞ്ചേരി, വയനാട് ജില്ലാ പ്രസിഡന്റ് വി.പി. വർക്കി, കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് അയത്തിൽ അപ്പുക്കുട്ടൻ, മുൻ ജനറൽ സെക്രട്ടറി അഡ്വ. തോമസ് ജെയിംസ്, ജില്ലാ ഭാരവാഹികളായ എ ശ്രീധരൻ, കെ.വി. ബെന്നി, കെ.കെ. രവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.