അങ്കമാലി: നഗരസഭ കൗൺസിൽ യോഗങ്ങളുടെ മിനിട്‌സിന്റെ പകർപ്പ് നൽകാതെ ഭരണ സമിതിയുടെ ഒളിച്ചുകളിക്കുന്നതായി ആരോപിച്ച് കൗൺസിൽ യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി. യോഗം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും പകർപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച കൗൺസിലിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപോയത് . ഇത് സംബന്ധിച്ച് എൽ.ഡി.എഫ് പാർലമെന്ററി പാർടി വകുപ്പ് മന്ത്രിക്കും എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടർക്കും പരാതി നൽകി. എൽ.ഡി.എഫ് പാർലമെന്ററി പാർടി ലീഡർ ടി വൈ ഏല്യാസ് സെക്രട്ടറി പി എൻ ജോഷി, കൗൺസിലർമാരായ മാർട്ടിൻ ബി മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു, സരിത അനിൽ, രജിനി ശിവദാസ്, മോളി മാത്യു എന്നിവരാണ് ഇറങ്ങി പോക്ക് നടത്തിയത്.