lulu2

കൊച്ചി: കൊവിഡ് വെല്ലുവിളികളുടെ കാലത്തും നേട്ടങ്ങളുടെ നിറുകയിൽ ലുലു ഗ്രൂപ്പ്. ഗൾഫ് യുദ്ധക്കാലത്തിന്റെ വെല്ലുവിളികൾക്കിടെ 2000 നവംബറിൽ ദുബായിൽ ഗിസൈസിൽ തുടക്കം കുറിച്ച ആദ്യ ഹൈപ്പർമാർക്കറ്റ് ഇരുന്നൂറ് എണ്ണത്തിലേക്ക് വളർന്നു.

ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോവിലാണ് ഗ്രൂപ്പിന്റെ ഇരുന്നൂറാമതും ഈജിപ്തിലെ മൂന്നാമത്തേതുമായ ഹൈപ്പർമാർക്കറ്റ് തുറന്നത്. ഈജിപ്ത് ആഭ്യന്തര വ്യാപാരപൊതുവിതരണ വകുപ്പ് മന്ത്രി ഡോക്ടർ അലി മൊസെഹ്ലിയാണ് കയ്റോ അഞ്ചാം സെറ്റിൽമെന്റിലെ പാർക്ക് മാളിൽ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.

27,000 ലധികം മലയാളികൾ ഉൾപ്പെടെ 58,000 ത്തോളം ആളുകൾ വിവിധ രാജ്യങ്ങളിൽ ലുലുവിൽ ജോലി ചെയ്യുന്നുണ്ട്. യു.എസ്, യു.കെ, സ്‌പെയിൻ, ദക്ഷിണാഫ്രിക്ക്, ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നിവയുൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങളിൽ സ്വന്തമായി സംഭരണ കേന്ദ്രങ്ങളും ലുലുവിനുണ്ട്.

കേരളത്തിലേക്കും പ്രവർത്തനം വ്യാപിപിക്കാൻ ഒരുങ്ങുകയാണ് ലുലു. കോട്ടയം, തൃശ്ശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും. കളമശേരിയിലും കൊച്ചിയിലും മത്സ്യസംസ്‌കരണ കേന്ദ്രങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി. തിരുവനന്തപുരം, ബംഗളുരു, ലക്നോ എന്നിവിടങ്ങളിലെ ലുലു മാൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്‌

എളിയ രീതിയിൽ ആരംഭിച്ച് ഇരുനൂറാമത് ഹൈപ്പർ മാർക്കറ്റിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ഏറെ സന്തോഷം. മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ രംഗത്ത് നിർണ്ണായകമായ ഒരു പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഇനിയും വിവിധ രാജ്യങ്ങളിൽ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും. ഇ കൊമേഴ്‌സ് പ്രവർത്തനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

എം.എ. യൂസഫലി

ലുലു ഗ്രൂപ്പ് ചെയർമാൻ