കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. പ്രചരണപരിപാടികൾ ഉൾപ്പെടെയുള്ള മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം അറിയിച്ചു.

രാവിലെ 10ന് അങ്കമാലിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. അങ്കമാലി ഫെഡറൽ ബാങ്കിന് സമീപം സ്വീകരണസമ്മേളനം നടക്കും. 11ന് ആലുവ പറവൂർ കവലയിൽനിന്ന് യാത്രയെ അൻവർ സാദത്ത് എം.എൽ.എയുടെയും യു.ഡി.എഫ് നേതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിക്കും. തോട്ടക്കാട്ടുകര ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് ശേഷമുള്ള ആദ്യസ്വീകരണം കളമശേരി മാളികംപീടികയിലാണ്. യു.സി. കോളേജിന് മുന്നിൽനിന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പ്രതിപക്ഷനേതാവിനെ സമ്മേളനവേദിയിൽ എത്തിക്കും.
വൈകിട്ട് നാലിന് പറവൂരിലെത്തുന്ന യാത്രയെ നമ്പൂരിച്ചൻ ആലിൻചുവട്ടിൽനിന്ന് സ്വീകരിക്കും. മുനിസിപ്പൽ പാർക്കിൽ സ്വീകരണസമ്മേളനം. പറവൂരിൽനിന്ന് വരാപ്പുഴ കണ്ടെയ്‌നർ റോഡുവഴി എറണാകുളം നഗരത്തിൽ പ്രവേശിക്കുന്ന യാത്രയ്ക്ക് ഗോശ്രീ പാലത്തിന് സമീപം സ്വീകരണം നൽകും.

മറൈൻഡ്രൈവിൽ നടക്കുന്ന ആദ്യദിവസത്തെ സമാപനസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.സി. വേണുഗോപാലും സംസാരിക്കും. യു.ഡി.എഫ് നേതാക്കളായ എം.കെ. മുനീർ എം.എൽ.എ പി.ജെ. ജോസഫ് എം.എൽ.എ., എൻ.കെ. പ്രേമചന്ദ്രൻ എം.പി., അനൂപ് ജേക്കബ് എം.എൽ.എ., സി.പി. ജോൺ, വി.ഡി. സതീശൻ എം.എൽ.എ തുടങ്ങിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അറിയിച്ചു.