 
പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ ചേരാനല്ലൂർ തൊട്ടുച്ചിറയിൽ അടിഞ്ഞ് കൂടിയ ചെളിയും പായലും നീക്കംചെയ്യുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പ് നടപടി ആരംഭിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും ജനപ്രതിനിധികളും നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി. പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ തൊട്ടുച്ചിറ പായലും മണ്ണും നിറഞ്ഞ് ഉപയോഗ ശൂന്യമായിട്ട് നാളുകളായി. ചിറ നവീകരിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. എം.എൽ.എയുടെ നിർേദശപ്രകാരം മൈനർ ഇറിഗേഷൻ വകുപ്പ് സമർപ്പിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. 500 മീറ്റർ നീളത്തിൽ രണ്ട് അടി ആഴത്തിലുള്ള ചെളിയാണ് നീക്കം ചെയ്യുക. ചുറ്റുമുള്ള കാടും വെട്ടിമാറ്റി വൃത്തിയാക്കും. ഇതോടെ നീരൊഴുക്ക് കൂടി വെളളം ശുദ്ധമാക്കാനാവുമെന്നു കരുതുന്നു. എൽദോസ് കുന്നുപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ഗ്രാമ പഞ്ചായത്ത് അംഗം മിനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അനു അബീഷ്, പഞ്ചായത്തംഗം പി.വി. സുനിൽ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.പി. പ്രകാശ്, പ്രിൻസ് ആലുക്ക എന്നിവർ പങ്കെടുത്തു.