theater

കൊച്ചി: ലേറ്റായി വന്താലും ലേറ്റസ്റ്റായി വന്തിടുവേൻ എന്ന രജനീകാന്ത് ഡയലോഗ് അന്വർത്ഥമാക്കി എറണാകുളം ഷേണായീസ് തിയേറ്ററിൽ വീണ്ടും വെള്ളിവെളിച്ചം നിറയുന്നു. കേരളത്തിലെ ഏറ്റവും വലിയ സിനിമാ തിയേറ്ററായിരുന്ന ഷേണായീസ് അഞ്ചു സ്ക്രീനുകളും അത്യന്താധുനിക സംവിധാനങ്ങളും ആഡംബരവുമായാണ് നാലു വർഷത്തെ ഇടവേള കഴിഞ്ഞ് വീണ്ടും തുറക്കുന്നത്.

നാളെ ഉച്ചയ്ക്ക് 12.05 ന് മൂന്നു റിലീസ് സിനിമകൾ ഉൾപ്പെടെ പ്രദർശനം ആരംഭിക്കും. സാജൻ ബേക്കറി, യുവം, ഓപ്പറേഷൻ ജാവ എന്നിവയാണ് സിനിമകൾ. തമിഴ്‌ചിത്രം മാസ്റ്ററും പ്രദർശിപ്പിക്കും. ദിവസവും മൂന്നു പ്രദർശനം വീതമുണ്ടാകും. 220, 330, 440 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്.

നാലായിരം സീറ്റുകളും വിസ്താരമ സ്ക്രീനുമായി ഒട്ടേറെ ചരിത്രങ്ങൾ കുറിച്ച ഷോണായീസ് തിയേറ്റർ ഡിജിറ്റൽ കാലത്തിനനുസരിച്ച് മാറാൻ നാലുവർഷം മുമ്പാണ് അടച്ചത്. അഞ്ച് സ്ക്രീനുകളുമായാണ് വീണ്ടും തുറക്കുന്നത്. 754 സീറ്റുകളാണ് അഞ്ച് സ്ക്രീനുലുള്ളത്. അത്യാധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. സോണി കമ്പനിയുടേയാണ് ഫോർ കെ പ്രൊജക്ടറുകൾ. രണ്ടു സ്ക്രീനുകളിൽ ത്രീ. ഡി സൗകര്യവുമുണ്ട്. ഏറ്റവും മികച്ച ശബ്ദ, ദൃശ്യ മികവാണ് പ്രത്യേകത. നൂറു പേർക്കിരിക്കാവുന്ന റസ്റ്റോറന്റ്, കോഫി ഷോപ്പ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള പഴയ കെട്ടിടത്തിന്റെ അടിസ്ഥാനഘടന നിലനിറുത്തിയാണ് നവീകരിച്ചത്. നാടാകെ മൾട്ടിപ്ളക്സുകൾ വന്നിട്ടും ഷേണായീസ് മാറാൻ വൈകിയതെന്തെന്ന് മാനേജിംഗ് പാർട്നർ സുരേഷ് ഷേണായിയോട് ചോദിച്ചപ്പോൾ മറുപടിയും സിനിമാ സ്റ്റൈലിൽ. "എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഇതാണ് ഞങ്ങളുടെ സമയം." സുരേഷിനൊപ്പം അനിൽ ഷേണായി, അജിത് ഷേണായി, സദാശിവ ഷേണായി എന്നിവരാണ് ഷോണായീസ് ഗ്രൂപ്പിന് ചുക്കാൻ പിടിക്കുന്നത്.

സിനിമയുടെ മഹത് പാരമ്പര്യം

കൊച്ചിയിലെ ഏറ്റവും പഴയ സിനിമാതിയേറ്റർ ഗ്രൂപ്പാണ് ഷേണായീസ്. 1942 ൽ വളഞ്ഞമ്പലത്ത് ലക്ഷ്‌മൺ തിയേറ്ററായിരുന്നു തുടക്കം. രാജകുടുംബത്തിന് 15 സീറ്റുകൾ ഒഴിച്ചിട്ടിരുന്ന തിയേറ്റർ. ഗൗഢസാരസ്വതനായ ലക്ഷ്‌മൺ ഷേണായിയാണ് തിയേറ്റർ സ്ഥാപിച്ചത്. 1946 ൽ എം.ജി റോഡിൽ പത്മ ആരംഭിച്ചു. 1964 ൽ കേരളത്തിലെ ആദ്യ എയർകണ്ടിഷൻ തിയേറ്റർ ശ്രീധർ മേനകയിൽ തുറന്നു. 1969 ലാണ് ഷോണായീസ് തിയേറ്റർ ആരംഭിച്ചത്. രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇംഗ്ളീഷ് സിനിമകൾക്കായി വിസ്താരമ സ്ക്രീനായിരുന്നു ആകർഷണം. ഉള്ളിലേയ്ക്ക് വളഞ്ഞ സ്ക്രീൻ. വിന്നിംഗ് എന്ന അമേരിക്കൻ സിനിമയായിരുന്നു ആദ്യം. അമിതാഭ് ബച്ചന്റെ ഷോലെ റിലീസ് ചെയ്തത് ഷേണായിസിലാണ്. 1971 ൽ ലിറ്റിൽ ഷേണായീസ് എന്ന ചെറിയ തിയേറ്ററും നിർമ്മിച്ചു.