കോലഞ്ചേരി: സെന്റ്പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്. എസിന്റെ നേതൃത്വത്തിൽ നാലാമത്തെ ഭവനത്തിന്റെ നിർമ്മാണം ആരംഭിച്ചു. സെറിബ്രൽ പാൾസി ബാധിച്ച മണ്ണത്തിപ്പാറ സദാനന്ദന്റെ മകൻ ശ്രീരാഗിനാണ് വീടു പണിത് നൽകുന്നത്. അസുഖ ബാധിതനായതിനാൽ ശ്രീരാഗിന്റെ അച്ഛന് ജോലിക്ക് പോകാൻ ബുദ്ധിമുട്ടാണ്. ചെറിയ കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന ചെറിയതുകയാണ് വരുമാനം. വാടകവീട്ടിലാണ് താമസം.
പഴയ പത്രം, ഇരുമ്പ് തുടങ്ങിയ സാധനങ്ങൾ വീടുകളിൽനിന്നും ശേഖരിച്ച് വിറ്റാണ് എൻ.എസ്.എസ് വോളന്റിയർമാർ വീടുപണിക്കുള്ള തുക കണ്ടെത്തുന്നത്. നാട്ടുകാരിൽ ചിലരുടെ സഹകരണത്തോടെയാണ് ഇപ്പോൾ വീടുപണി തുടങ്ങിയത്. സുമനസുകൾ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസുമായി ബന്ധപ്പെടണം.