highway

കൊച്ചി : ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ദേശീയപാത 66 ൽ നിർദ്ദിഷ്ട 45 മീറ്റർ പദ്ധതിയേക്കാൾ നിലവിലുള്ള 30 മീറ്ററിൽ ആകാശപ്പാത നിർമ്മിക്കുകയാണ് ലാഭകരമെന്ന് ദേശീയപാത സംയുക്ത സമരസമിതി. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും ആകാശപ്പാതയാണ് പ്രായോഗകമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആയിരത്തോളം കെട്ടിടങ്ങളും വീടുകളും പതിനായിരത്തോളം വൃക്ഷങ്ങളും നശിപ്പിക്കാതെ ആകാശപ്പാത നടപ്പാക്കാം. ഭാവിയിൽ പ്രളയമുണ്ടായാലും മുകളിലെ പാതയിലൂടെ സുഗമമായ ഗതാഗതം സാദ്ധ്യമാകും. അനേകം തോടുകളും കുളങ്ങളും കിണറുകളും നികത്തുന്നതും ഒഴിവാക്കാം. 23 കിലോമീറ്ററിനിടയ്ക്ക് 29 പാലങ്ങൾ നിർമിക്കുന്നതിനേക്കാൾ ഒറ്റപ്പാലമായി ആകാശപ്പാതയാണ് സൗകര്യം.

45 മീറ്റർ പദ്ധതിയുടെ ഭൂമിയേറ്റെടുക്കാൻ 1,690 കോടി രൂപ വേണമെന്ന് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ നിയമസഭയെ അറിയിച്ചിട്ടുണ്ട്. 45 മീറ്ററിലെ റോഡ് നിർമാണത്തിന് 1,104.48 കോടി രൂപ വേണമെന്ന് ദേശീയപാത അതോറിറ്റി നിയമിച്ച കൺസൾട്ടന്റിന്റെ റിപ്പോർട്ടിലുണ്ട്. രണ്ടു ചിലവുകളും കൂട്ടിയാൽ പദ്ധതി നടപ്പാക്കാൻ 2,794.48 കോടി രൂപ കണ്ടെത്തണം. ഇതിലും 507.52 കോടി രൂപ കുറവിൽ 2,286.96 കോടി രൂപയ്ക്ക് എലിവേറ്റഡ് ഹൈവേ നിർമിക്കാമെന്നാണ് കൺസൾട്ടന്റിന്റെ കണ്ടെത്തൽ.
2013-ലെ പുതിയ ഭൂമിയേറ്റെടുക്കൽ, പുനരധിവാസ നിയമപ്രകാരം ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇതനുസരിച്ച് ഭൂമിയേറ്റെടുക്കാൻ 3,000 കോടി രൂപയിലേറെയാവും.

കഴക്കൂട്ടം മാതൃകയാക്കാം

തിരുവനന്തപുരം കഴക്കുട്ടത്ത് ദേശീയ പാത അതോറിറ്റി നിർമിക്കുന്ന ആകാശപ്പാതക്ക് കിലോമിറ്ററിന് 71.84 കോടിയാണ് ചെലവ്. ഇതനുസരിച്ച് ഇടപ്പള്ളി - മുത്തുകുന്നം ഭാഗത്ത് 23.3 കിലോമീറ്ററിന് 1,674 കോടി രൂപ മതിയാകും. 15 മീറ്റർ അധികഭൂമി ഏറ്റെടുക്കാൻ ചെലവാക്കുന്ന നഷ്ടപരിഹാരത്തുക മാത്രം ഉപയോഗിച്ച് ആകാശപ്പാത നിർമ്മിക്കാം. 45 മീറ്ററിലെ നിർദ്ദിഷ്ട 4, 6 വരിപ്പാതയ്ക്ക് പകരം ആകാശപ്പാതയാണെങ്കിൽ ഇരു നിലകളിലായി 10 വരിപ്പാത നിർമ്മിക്കാനാവും. കാൽനടക്കാർ, മൃഗങ്ങൾ, സൈക്കിൾ, ടൂവീലർ, ത്രീവീലർ, വശങ്ങളിൽ നിന്നുള്ള പ്രവേശനം, ജംഗ്ഷനുകൾ, സിഗ്നലുകൾ എന്നിവയെല്ലാം ഒഴിവാകുന്നതിനാൽ ആകാശപ്പാതയിൽ അപകടങ്ങളും മരണവും പരമാവധി കുറയും.

പിന്നിൽ നിക്ഷിപ്തതാല്പര്യങ്ങൾ
45 മീറ്റർ പദ്ധതിക്ക് വേണ്ടി ദേശീയപാത അതോറിറ്റി വാശിപിടിക്കുന്നതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയകളുമായുള്ള ഒത്തുകളിയാണ്. 45 മീറ്റർ അലൈൻമെന്റിന്റെ വശങ്ങളിൽ ബിനാമി പേരുകളിൽ നിരവധി ഏക്കർ ഭൂമി ചിലർ വാങ്ങിക്കൂട്ടിയിട്ടുണ്ട്. അവരുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഖജനാവിലെ പണം അനാവശ്യമായും അമിതമായും ചെലവിട്ട് പദ്ധതി നടപ്പാക്കാൻ വാശിപിടിക്കുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി ആവർത്തിച്ചുള്ള കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭ രംഗത്തുള്ള നാലായിരത്തോളം കുടുംബങ്ങളേയും വ്യാപാരികളെയും സംരക്ഷിക്കാൻ സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും തയ്യാറാവണം. അന്യായമായ കുടിയൊഴിപ്പിക്കലിനെ ശക്തമായി ചെറുക്കുമെന്നും സംയുക്തസമരസമിതി നേതാക്കൾ പറഞ്ഞു.

സംയുക്തസമരസമതി ചെയർമാൻ ഹാഷിം ചേന്നാമ്പിള്ളി, കൺവീനർ കെ.വി. സത്യൻ, ടോമി അറക്കൽ എന്നിവർ വാർത്താസമ്മളേനത്തിൽ പങ്കെടുത്തു.