liabrary
പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ആലുവ മുനിസിപ്പൽ ലൈബ്രറിയോടുള്ള അവഗണനക്കെതിരെ കുറ്റിപ്പുഴ സാംസ്കാരിക വേദി പ്രതിഷേധം സംഘടിപ്പിക്കുന്നു

ആലുവ: സാമൂഹ്യ പരിഷ്കർത്താവും യുക്തിവാദിയുമായിരുന്ന പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നാമധേയത്തിലുള്ള ആലുവ മുനിസിപ്പൽ ലൈബ്രറിയോടുള്ള അവഗണനക്കെതിരെ പ്രതിഷേധം. കുറ്റിപ്പുഴ ഓർമ്മയായിട്ട് 50 വർഷം തികയുന്ന സാഹചര്യത്തിലാണ് കുറ്റിപ്പുഴ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നായ ആലുവ മുനിസിപ്പൽ ലൈബ്രറി വളപ്പിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നീക്കം ചെയ്ത ഫ്ളക്‌സ് ബോർഡുകൾ കൂട്ടിയിട്ടിരിക്കുകയാണ്. ടൺ കണക്കിന് മാലിന്യമാണ് കഴിഞ്ഞ മൂന്നു വർഷങ്ങളായി കൂട്ടി ഇട്ടിരിക്കുന്നത്. രാവിലെയും വൈകിട്ടും വായിക്കുന്നതിന് മാത്രമല്ല, വിശ്രമത്തിനുള്ള ഇരിപ്പിടങ്ങളും ലൈബ്രറി വളപ്പിലുണ്ടായിരുന്നു. ഇതെല്ലാം നശിച്ചു. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നിരവധി തവണ കൗൺസിലിലും അല്ലാതെയും നിരവധി പരാതികളും സമരങ്ങളും നടത്തിയിട്ടും മാറ്റമുണ്ടായില്ല.മുൻ കൗൺസിലർ സെബി വി. ബാസ്റ്റിൻ, കെ.എം. ജമാലുദ്ദീൻ, പി. രാമചന്ദ്രൻ, എം.എം. അബ്ബാസ് തുടങ്ങിയവരാണ് ശ്രദ്ധക്ഷണിക്കൽ സമരം നടത്തിയത്.