പറവൂർ: ചേന്ദമംഗലത്തെ പാലിയം ശിവക്ഷേത്രവും മാറ്റച്ചന്തയും ഓർമപ്പെടുത്തി പാലിയം നടയിൽ മുസിരിസ് വ്യാപാര സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായി. പാലിയം ട്രസ്റ്റിന് കീഴിൽ ഉണ്ടായിരുന്ന കടമുറികൾ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി തനിമ ചോരാതെ പുനർനിർമ്മിച്ചിട്ടുള്ളത്. പ്രദേശത്തെ നിലച്ചുപോയ പരമ്പരാഗത തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് വ്യാപാര സമുച്ചയത്തിലൂടെ ലക്ഷ്യമിടുന്നത്. കെട്ടിടത്തിലെ ഒമ്പത് കടമുറികൾ കൈത്തറി, പപ്പട നിർമാണം, കൊല്ലപ്പണി, ശില്പ നിർമാണം, സ്വർണപ്പണി, കളിമൺപാത്ര നിർമാണം, തഴപ്പായ നെയ്ത്ത്, മരപ്പണി, മൂശാരിപ്പണി എന്നീ പരമ്പരാഗത തൊഴിലുകൾക്ക് അനുവദിച്ചു. വാടക ഇല്ലാതെയാണ് കടമുറികൾ നൽകിയിരിക്കുന്നത്. ഏറ്റെടുത്തവർ വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കു മാത്രം അടച്ചാൽ മതിയാകും. ഓടു മേഞ്ഞ കെട്ടിടത്തിലെ എല്ലാ കടമുറികളും പണ്ടത്തെപ്പോലെ പലക ഉപയോഗിച്ചാണ് തുറക്കുകയും അടയ്ക്കുകയും ചെയ്യുക. മുസിരിസ് പ്രദേശങ്ങൾ കാണാനെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് പരമ്പരാഗത തൊഴിലുകൾ കണ്ടു മനസിലാക്കാനും പൈതൃക വസ്തുക്കൾ വാങ്ങാനും സമുച്ചയം അവസരമൊരുക്കും. കടമുറികൾ എത്രയും വേഗം പ്രവർത്തന സജ്ജമാക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു.