കൊച്ചി: ചെല്ലാനം, ഫോർട്ടുകൊച്ചി തീരദേശത്തെ കടൽഭിത്തിയിലെ അറ്റകുറ്റൾണികൾക്കായി 15 കോടിരൂപയുടെ ഭരണാനുമതി നൽകിയ സർക്കാർ നടപടിയെ കെയർ ചെല്ലാനം അഭിനന്ദിച്ചു. തെക്കേചെല്ലാനം, ഗൊണ്ടുപറമ്പ്, മാലാഖപ്പടി, ബസാർ, വേളാങ്കണ്ണി, ചാളക്കടവ്, കണ്ടക്കടവ്, റീത്താലയം, പുത്തൻതോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാശേരി, സൗദി എന്നീ സ്ഥലങ്ങളിലാണ് ഈ തുക ഉപയോഗിച്ച് കടൽഭിത്തിയുടെ അടിയന്തര അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു.

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് കെ.ആർ.എൽ.സി.സി. സമർപ്പിച്ച ജനകീയരേഖയുടെ നിർദ്ദേശങ്ങളിലൊന്നായിരുന്നു ഹ്രസ്വകാലാടിസ്ഥാനത്തിൽ കടൽഭിത്തി തകർന്ന സ്ഥാലങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ തീർക്കൽ. ഇതോടൊപ്പം ദീർഘകാലപദ്ധതിയായി തീരത്തിന്റെ സംരക്ഷണത്തിന് തീരസമ്പുഷ്ടീകരണവും കെ.ആർ.എൽ.സി.സി. ജനകീയരേഖയിൽ സമർപ്പിച്ചിരുന്നു. ഇതിനായി 100 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
കെയർ ചെല്ലാനത്തിന്റെ എക്‌സിക്യുട്ടീവ് യോഗം കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു. കടൽ ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ഷാജി ജോർജ്, കടൽ ഡയറക്ടർ ഫാ. അന്റോണിറ്റോ പോൾ, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ് എന്നിവർ പങ്കെടുത്തു.