
കൊച്ചി: സ്വാതന്ത്രാനന്തര ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളിലൂടെ കോൺഗ്രസ് രാജ്യത്തിന് സമർപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റ് മുതലാളിമാർക്ക് വേണ്ടി വിറ്റുതുലക്കാനുള്ളതല്ലെന്നു ഐ.എൻ.ടി.യു.സി സംസ്ഥാനപ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരുടെ ന്യായമായ അവകാശങ്ങൾക്കള്ള സമരം കഴിഞ്ഞ എഴുപത്തിയഞ്ച് ദിവസമായി പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണ്. ഏതൊരു ആവശ്യത്തിനും ഇപ്പോൾ രാജ്യതലസ്ഥാനത്തേക്ക് കടക്കുകയെന്നത് ബാലികേറാമലയായി തീർന്നിരിക്കുകയാണ്. പൊലീസിനെയും, പട്ടാളത്തെയും ഉപയോഗിച്ച് കർഷകരുടെ സമരം അടിച്ചമർത്താമെന്ന വ്യാമോഹം നരേന്ദ്രമോദി സർക്കാർ ഉപേക്ഷിക്കണമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി. ഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ഹരിദാസ്, സംസ്ഥാന ഭാരവാഹികളായ വി.പി.ജോർജ്, പി.ടി.പോൾ, എം.എം.രാജു, എം.എം.അലിയാർ, സാജു തോമസ്, ജില്ലാ ഭാരവാഹികളായ ടി.കെ.രമേശൻ, ഏലിയാസ് കരീപ്ര, സൈമൺ ഇടപ്പള്ളി, ലൈമിദാസ്, രഞ്ജിത് കുമാർ.ജി, എ.എൽ.സക്കീർ ഹുസൈൻ, സുനിൽ കുമാർ, ഡേവിഡ് തോപ്പിലാൻ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഐ.എൻ.ടി.യു.സി പ്രവർത്തകർക്ക് ചടങ്ങിൽ സ്വീകരണം നൽകി.