കൊച്ചി: ജില്ലയിൽ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ ഇന്ന് തുടങ്ങും. രണ്ടാംഘട്ടത്തിൽ കൊവിഡ് പ്രതിരോധരംഗത്തെ മുൻനിര പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം ആകെ 16053 മുൻനിര പ്രവർത്തകരാണ് വാക്‌സിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പൊലീസ് സേനയിൽ നിന്ന് 10,250 പേരും പഞ്ചായത്ത് ജീവനക്കാരിൽ നിന്ന് 2385 പേരും റവന്യൂ വകുപ്പിൽ നിന്ന് 1468 പേരും കേന്ദ്രമന്ത്രാലയത്തിനു കീഴിലെ 1948 മുൻനിര പ്രവർത്തകരുമുണ്ട്. ഇവരുടെ വാക്‌സിനേഷൻ 15 ന് പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ജില്ലയിലെ 28 സർക്കാർ കേന്ദ്രങ്ങളിലും 40 സ്വകാര്യ കേന്ദ്രങ്ങളിലുമായാണ് വാക്‌സിൻ നൽകുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്‌സിൻ എടുക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാകും. കളക്ടറേറ്റിലെ സ്പാർക്ക് ഹാളിലും കോൺഫറൻസ് ഹാളിലും വാക്‌സിൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും ദിവസം 100 പേർക്ക് കുത്തിവെയ്പ്പ് നൽകാനാണ് തീരുമാനം.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിൻ നൽകിയത്. ആകെ 63500 ആരോഗ്യപ്രവർത്തകരാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്നത്. മുൻനിര പ്രവർത്തകർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ യോഗത്തിൽ ആർ.സി.എച്ച്. ഓഫീസർ ഡോ. എം.ജി. ശിവദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.