abakka-dog-
അബാക്കയേയും കുഞ്ഞുങ്ങളെയും പരിചരിക്കുന്ന പി.ജെ. കൃഷ്ണൻ.

പറവൂർ: കാറിനു പിന്നിൽ കെട്ടിവലിച്ച സംഭവത്തിലൂടെ നൊമ്പരമായി മാറിയ അബാക്കയെന്ന നായ മൂന്നു ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആദ്യകുഞ്ഞിനെ പ്രസവിച്ചത്. രാത്രി ഒമ്പത് മണിയോടെ രണ്ടാമത്തെ കുഞ്ഞിനെയും ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചു. മൂന്നു കുഞ്ഞുങ്ങളും പൂർണആരോഗ്യവാന്മാരും വ്യത്യസ്ത നിറങ്ങളിലുമുള്ളവരുമാണ്. പറവൂർ മൃഗാശുപത്രിയിലെ ഡോ. ചന്ദ്രകാന്തായിരുന്നു പ്രസവ ചികിത്സ നടത്തിയത്. മൃഗസ്നേഹി​കളുടെ സംഘടനായ ദയയുടെ പ്രവർത്തകൻ പറവൂർ കണ്ണൻകുളങ്ങരയിലെ പി.ജെ. കൃഷ്ണന്റെ വീട്ടിലായിരുന്നു പ്രസവം.

വിവാദസംഭവത്തിനു ശേഷം കൃഷ്ണനാണ് അബാക്കയെ പരിചരിച്ചിരുന്നത്. കഴിഞ്ഞ മൂന്നിന് കൊച്ചിയിലെ സ്വകാര്യ ക്ളിനിക്കിൽ സ്ക്വാൻ ചെയ്തപ്പോഴാണ് അബാക്ക പൂർണ ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

നായുടെ ഉടമ യൂസഫ് കഴിഞ്ഞ ഡിസംബർ 11ന് കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് അബാക്ക വാർത്തയിൽ നിറഞ്ഞത്. അന്നേ നായ ഗർഭി​ണി​യായി​രുന്നു. കുഞ്ഞുങ്ങളെ ആവശ്യപ്പെട്ടും പേരുകൾ നിർദേശിച്ചും നിരവധി പേരാണ് ദയ പ്രവർത്തകരെ ബന്ധപ്പെടുന്നത്.