
പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്കുളള ദീർഘദൂര ടൂറിസ്റ്റ് ബസ് സർവ്വീസുകൾ സ്ഥിരമാകുന്നു. ലോക്ക്ഡൗൺ കാലത്ത് എങ്ങനെയെങ്കിലും നാട്ടിലെത്താൻ ധൃതി കാട്ടിയ ഉത്തരേന്ത്യക്കാർക്ക് ആശ്വാസമായി മാറിയ സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് ഇപ്പോൾ എല്ലാ ദിവസവും സർവീസുകൾ നടത്തുന്നത്. കൊവിഡ് കാലത്ത് ഏഴായിരം മുതൽ പതിനായിരം വരെ ടിക്കറ്റ് ചാർജ് ചെയ്ത ഇത്തരം ബസുകളിൽ ഇപ്പോൾ മൂവായിരത്തിൽ താഴെ രൂപ മാത്രമാണ് ടിക്കറ്റ് ചിലവുളളത്. മാത്രവുമല്ല ഉത്തരേന്ത്യയിലെ ഉൾഗ്രാമങ്ങളിൽ നിന്ന് വരുന്ന ഇവിടുത്തെ തൊഴിലാളികൾക്ക് വീടിന് സമീപത്തുളള ചെറുടൗണുകളിൽ സ്റ്റോപ്പ് ഉണ്ടെന്നതും ആശ്വാസകരമാണ്. ബംഗാൾ, ഒറീസ്സ, അസം എന്നിവിടങ്ങളിലേക്കാണ് സർവീസ്.
ലോക്ഡൗണിന് അയവു വന്ന സമയങ്ങളിൽ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യമുന്നയിച്ചതിൽ പ്രഥമസ്ഥാനത്തുണ്ടായിരുന്നത് കേരളത്തിലെ ഇതരസംസ്ഥാനക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസാണ്. അത്യാവശ്യ ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും ട്രെയിൻ സർവീസിന്റെ പരിമിതിയെ മനസ്സിലാക്കി ആ സമയങ്ങളിൽ ആരംഭിച്ച ബസ് സർവീസാണ് കേരളത്തിൽ നിന്നും പുതിയ ചില ദീർഘദൂര ബസ് സർവീസുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഞായറാഴ്ച്ചകളിൽ നൂറോളം ബസ് സർവീസ്
പെരുമ്പാവൂരിൽ നിന്ന് വെസ്റ്റ് ബംഗാളിലെ ഡോംകുൽ ലക്ഷ്യമാക്കി ഒരു വിമാന യാത്രയുടെ ചിലവോടുകൂടി കൊവിഡ് കാലത്ത് ആരംഭിച്ച ബസ് സർവീസ് ഇന്ന് കേരളത്തിലെ ഏകദേശ എല്ലാ പട്ടണങ്ങളിൽ നിന്നും സ്ഥിരപ്പെടുത്തിയ റൂട്ടുകളായി മാറിക്കഴിഞ്ഞു. കൊവിഡ് നിയന്ത്രണം നില നിന്നിരുന്ന സമയങ്ങളിൽ തിരികെ യാത്രക്കാരില്ലാത്തതിനാലും യാത്രക്കാർക്ക് സ്പെഷ്യൽ പാസുകൾ ആവശ്യമായിരുന്നതിനാലും ഓരോ യാത്രക്കാരനും നൽകിയത് ഭീമമായ തുകയാണെങ്കിൽ ഇന്ന് തിരിച്ചും യാത്രക്കാരുള്ളതുകൊണ്ട് ട്രെയിൻ യാത്രയുടെ ചിലവിലും സമയത്തിലുമാണ് സർവീസ് നടത്തുന്നത്. എല്ലാ ദിവസങ്ങളിലും കേരളത്തിൽ നിന്നും ബംഗാൾ, അസം, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലേക്ക് ബസ് സർവീസ് ഇപ്പോൾ നടത്തുന്നുണ്ട്. ഞായറാഴ്ച്ചകളിൽ നൂറോളം ബസുകളാണ് എറണാകുളം ജില്ലയിൽ നിന്നുമാത്രം സർവീസ് നടത്തുന്നത്.
ബസ് തൊഴിലാളികൾക്ക് നല്ല കാലം
കൊവിഡ് കാലത്ത് ആരംഭിച്ച ഈ ബസ് റൂട്ട് ഒരു പരിധിവരെ ബസ് തൊഴിലാളികൾക്ക് വലിയൊരനുഗ്രഹമായിരുന്നു. ദീർഘ ദൂരമെങ്കിലും കേരളത്തിൽ നിന്ന് നിലവിൽ സ്ഥിരമായി ആസാമിലേക്കും ബംഗാളിലേക്കും ഒറീസ്സയിലേക്കും സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം വർധിച്ചുവരികയാണ്. ട്രെയിൻ സർവീസ് പൂർണ്ണമായി പുനരാരംഭിച്ചാലും ബസ് യാത്ര തുടരാനാണ്
അന്യ സംസ്ഥാന തൊഴിലാളികൾക്ക് താൽപര്യം.