congress

കളമശേരി: കളമശേരിയിലെ കോൺഗ്രസ് പാർട്ടിയെ മുസ്ളീം വിഭാഗം ഹൈജാക്ക് ചെയ്തതായി പരാതി. മണ്ഡലം, ബ്ളോക്ക് തലങ്ങളിൽ നേതൃപദവികളിൽ സിംഹഭാഗവും മുസ്ളീങ്ങൾ കൈയടക്കിയ സ്ഥിതിയാണ്. പ്രവർത്തകർക്കിടയിൽ ഈ വിഷയം വാട്ട്സ്അപ്പ് സന്ദേശങ്ങളായി സജീവമാണ്. ഏത് സമയത്തും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാവുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ.

ഏതാനും ദിവസം മുമ്പ് ഒരു ബ്ളോക്ക് ഭാരവാഹി പാർട്ടിയിലെ മുസ്ളീം മേൽക്കോയ്മയെക്കുറിച്ച് എ.ഐ.സി.സി, കെ.പി.സി.സി സെക്രട്ടറിമാർക്ക് നേരിൽ പരാതി നൽകിയിട്ടുണ്ട്.

ശനിയാഴ്ച ചേർന്ന യോഗത്തിൽ കളമശേരി മണ്ഡലം കമ്മിറ്റി വിഭജിച്ച് രണ്ടാക്കി. അപ്പോഴും രണ്ട് കമ്മിറ്റികളുടെയും ഭാരവാഹികളിൽ അധികവും മുസ്ളീങ്ങൾ തന്നെയാണ്. ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എം.എ വഹാബും വെസ്റ്റിന്റേത് വെള്ളയ്ക്കൽ കുഞ്ഞുമുഹമ്മദുമാണ്.

രണ്ട് ദിവസം മുമ്പ് കളമശേരിയിൽ ചേർന്ന നിയോജക മണ്ഡലം കൺവെൻഷൻ ഭൂരിഭാഗം മുസ്ളീം ഇതര പ്രവർത്തകർ ബഹിഷ്കരിക്കുകയും ചെയ്തു. പകുതിപ്പേർ പോലും യോഗത്തിനെത്തിയില്ല.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനായിരുന്ന ഇ.കെ. സേതുവിനെ നീക്കി പകരം സെയ്തുകുഞ്ഞിനെ നിയമിച്ചതും പാർട്ടിയിലെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗക്കാർക്കിടയിൽ അസംതൃപ്തി കടുപ്പിച്ചു. പൊതുവേ സ്വീകാര്യനായ സേതുവിനെ ഒഴിവാക്കിയതിനെതിരെ ചില ലീഗ്, കോൺഗ്രസ് നേതാക്കളും അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.
ഏലൂർ, കളമശേരി, കടുങ്ങല്ലൂർ എന്നീ മണ്ഡലങ്ങൾ ചേർന്ന ബ്ലോക്ക് കമ്മിറ്റിയിൽ ആകെയുള്ള 45 ഭാരവാഹികളിൽ 30 പേരും മുസ്ളീങ്ങളാണ്. മണ്ഡലത്തിൽ നിന്നുള്ള ജില്ലാ സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും മറ്റ് ബ്ളോക്കുകളിലും ഇതു തന്നെയാണ് സ്ഥിതി.

മണ്ഡലത്തിലെ കളമശേരി, ഏലൂർ മുനിസിപ്പാലിറ്റികളിലും കടുങ്ങല്ലൂർ വെസ്റ്റ്, കരുമാലൂർ , കുന്നുകര , ആലങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിൽ പാർട്ടിയിലും മുന്നണിയിലും പ്രധാനപദവികളെല്ലാം മുസ്ളീങ്ങൾക്കാണ്.

കളമശേരി നിയോജകമണ്ഡലം സിറ്റിംഗ് മുസ്ളീം ലീഗ് സീറ്റാണ്. മണ്ഡലത്തിലെ ലീഗിന്റെ മേൽക്കോയ്മയ്ക്കു പുറമേ സ്വന്തം പാർട്ടിയിലും മുസ്ളീം സമുദായങ്ങൾക്ക് തന്നെ അന്യായമായ പ്രധാന്യം ലഭിക്കുന്നതാണ് കോൺഗ്രസിലെ അമുസ്ളീങ്ങളെ പ്രതിരോധത്തിലാക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എ, ഐ ഗ്രൂപ്പുകൾ പരസ്പരം തോല്പിക്കുകയും കളമശേരിയിൽ ലീഗ് - കോൺഗ്രസ് ബന്ധം വഷളാകുകയും ചെയ്ത സാഹചര്യത്തിൽ പുതി​യ സംഭവവി​കാസങ്ങൾ നി​യോജകമണ്ഡലത്തി​ൽ യു.ഡി​.എഫി​ന്റെ സാദ്ധ്യതകൾക്ക് മേൽ കരി​നി​ഴലാണ്. ഉറച്ച യു.ഡി​.എഫ് മണ്ഡലം കൈവിട്ടു പോകാനും സാദ്ധ്യതയുണ്ട്.

ഹിന്ദു വോട്ടർമാർ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മുസ്ളീം സ്ഥാനാർത്ഥി​കളെ മാത്രമാണ് ഇടതു, വലതു മുന്നണി​കൾ സ്ഥാനാർത്ഥി​കളാക്കുന്നത്.