
ലോകത്തിനു മുന്നിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. പ്രകൃതിയുടെയും ഈശ്വരന്റെയും കൃപയുള്ള നാട്. മഹത്തായ സാംസ്‌കാരിക മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശം. എല്ലാ അർത്ഥത്തിലും രാജ്യത്ത് മുൻപന്തിയിലെത്തേണ്ട സംസ്ഥാനം. പക്ഷേ പലകാര്യത്തിലും വളരെ പിന്നിലായി. കാഴ്ചപ്പാടില്ലാതെ ഭരണം നടത്തിയവർ തന്നെയായിരുന്നു കാരണക്കാർ. കേരളത്തിലെ ജനങ്ങളെ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി കബളിപ്പിക്കുകയായിരുന്നു. അവർക്ക് ബദലുണ്ടായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അതിനു മാറ്റമുണ്ടായത്. കേരള ചരിത്രത്തിൽ ആദ്യമായി ഒരു മൂന്നാംമുന്നണി രൂപംകൊണ്ടു. ഭാരത ധർമ്മജനസേന (ബി.ഡി.ജെ.എസ്) ആയിരുന്നു അതിനു കാരണം. അതോടെ ദേശീയ ജനാധിപത്യസഖ്യം സംസ്ഥാനത്തെ പ്രബലമായ മുന്നണിയായി മാറി. നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ഡി.ജെ.എസ് ശക്തമായി മത്സരരംഗത്തുണ്ടാകും. സമ്പൂർണവും സമഗ്രവുമായ വികസനം സാദ്ധ്യമാക്കാൻ വ്യക്തമായ കർമപദ്ധതിയുമായാണ് എൻ.ഡി.എ ജനങ്ങളെ സമീപിക്കുന്നത്.
വികസിതരാജ്യങ്ങളുടെ തോളൊപ്പമോ ഒരടി മുന്നിലോ ആണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. അതിന് വഴിവച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാവനാപൂർണമായ നിലപാടുകളും കർമ്മകുശലതയുമാണ്. ഭാരതത്തിന്റെ നിലപാടും അഭിപ്രായവും ലോകം തേടുന്ന സാഹചര്യമാണിന്ന്. സാമ്പത്തികരംഗത്ത് ഭാരതം ഏറ്റവും വേഗത്തിൽ വളരുന്ന ശക്തിയായി മാറി. എല്ലാവർക്കും വീട്, വൈദ്യുതി, ബാങ്ക് അക്കൗണ്ട്, സൗജന്യനിരക്കിൽ മരുന്ന്, അപകട ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ്, ശൗചാലയം, തൊഴിൽനൈപുണ്യ പരിശീലനം എന്നിവയിലൂടെ ഇന്ത്യയൊട്ടാകെ ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കുകയാണ് കേന്ദ്രസർക്കാർ.
ഗ്രാമവികസനത്തിനും കർഷകർക്കുമായി നിരവധി പരിഷ്‌കാരങ്ങൾ, സൗജന്യ ഗ്യാസ് കണക്ഷൻ, കർഷകർക്ക് തങ്ങളുടെ ഉത്‌പന്നങ്ങൾ രാജ്യത്തെവിടെയും വിറ്റഴിക്കാൻ നിയമം, ക്ഷേമപെൻഷനുകളും സബ്‌സിഡികളും ഇടനിലക്കാരില്ലാതെ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് ഇങ്ങനെ അവിശ്വസനീയമായ ക്ഷേമപ്രവർത്തനങ്ങളാണ് മോദി സർക്കാർ കാഴ്ചവയ്ക്കുന്നത്. വിദ്യാഭ്യാസം, വ്യവസായം തുടങ്ങി സർവമേഖലകളും പുരോഗതിയുടെ പാതയിലാണ്. പക്ഷേ കേരളം മാത്രം ഇതിൽ നിന്നെല്ലാം അകന്നു നിൽക്കുകയാണ്. വികസനത്തിലും രാഷ്ട്രീയം കലർത്തുന്നതിനാൽ പല കേന്ദ്രപദ്ധതികളുടെയും ഗുണഫലങ്ങൾ കേരളത്തിന് ലഭിച്ചിട്ടില്ല. അഞ്ചുവർഷം മുൻപ് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് എല്ലാം കുളമാക്കുകയാണ് ചെയ്തത്. ആരോഗ്യരംഗത്ത് മികച്ച പാരമ്പര്യമുണ്ടായിരുന്നിട്ടും കൊവിഡിന്റെ ആസ്ഥാനമാണിപ്പോൾ കേരളം. രാജ്യസുരക്ഷയ്ക്കുതന്നെ വെല്ലുവിളി ഉയർത്തുന്ന അഴിമതികളുടെ കേന്ദ്രമായി ഭരണാധികാരികളുടെ ഓഫീസുകൾ മാറി. വിശ്വാസികളെയും വിശ്വാസത്തെയും വെല്ലുവിളിക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്. പിൻവാതിൽ നിയമനവും പട്ടിണിമരണവും കസ്റ്റഡി മരണവും സംസ്ഥാനത്ത് വിഷയമല്ലാതായി. പകൽക്കൊള്ളയുടെ നാറിയ കഥകളാണ് കഴിഞ്ഞ അഞ്ചുവർഷവും കേരളം കേട്ടത്. പ്രധാനപ്രതിപക്ഷമായ യു.ഡി.എഫ് അഴിമതികൾക്ക് കൂട്ടുനിൽക്കുകയും ചൂട്ടുപിടിക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്രവിരുദ്ധതയുടെ പേരുപറഞ്ഞ് സന്ധിചെയ്തു ഇരു മുന്നണികളും.
കേരളത്തിൽനിന്ന് അഴിമതിയും അക്രമവും ഒത്തുതീർപ്പ് രാഷ്ട്രീയവും ഇല്ലാതാക്കാനുള്ള, വിശുദ്ധിയുടെ രാഷ്ട്രീയമാണ് എൻ.ഡി.എ മുന്നോട്ടു വയ്‌ക്കുന്നത്.
നരേന്ദ്രമോദി സർക്കാർ കാണിച്ചു തരുന്ന അഴിമതിരഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം. അവസാന വരിയിൽ നിൽക്കുന്ന അവസാനത്തെ ആളെയും പരിഗണിക്കുന്ന വികസനമാണ് വേണ്ടത്. നാടിന്റെ വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്.
ജനങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷത്തിന്റെ വിത്ത് പാകാനുമാണ് കേരളത്തിലെ മുന്നണികൾ പരിശ്രമിക്കുന്നത്. ദയനീയമായ വികസനമുരടിപ്പും സാമ്പത്തിക തകർച്ചയും അവർക്കൊരു വിഷയമേയല്ല. ഭരണകർത്താവ് മാറിയതുകൊണ്ടു കാര്യമില്ല. ആശയമാണ് മുഖ്യം. രണ്ടു മുന്നണികളുടെ ആശയങ്ങളും സമാനമാണ്. ഇന്ന് ഭരിക്കുന്നതും ഇന്നലെ ഭരിച്ചതും ഈ സമാന ആശയമാണ്. അത് മാറണം. സമൂല പരിവർത്തനം അതാണാവശ്യം. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്തുന്ന അഴിമതി രഹിതമായ അക്രമമില്ലാത്ത സമത്വസുന്ദരമായ ഭരണം കാഴ്ചവയ്ക്കുക എന്നതാണ് എൻ.ഡി.എ മുന്നണിയുടെ ലക്ഷ്യം. ഒപ്പം ലവ് ജിഹാദിനെതിരെ യു.പി.മോഡൽ നിയമനിർമ്മാണവും നടപ്പിലാക്കും.
സംഘടിത വോട്ടുബാങ്കുകൾക്ക് വേണ്ടി പുതിയ രാഷ്ട്രീയ അടവുനയത്തിന് രൂപംകൊടുക്കുകയും അടിസ്ഥാന ജനവിഭാഗത്തെ വോട്ടുകുത്തികളായി മാത്രം കാണുകയും ചെയ്യുന്ന ഇരു മുന്നണികൾക്കുമെതിരെ കൊടുങ്കാറ്റായി എൻ.ഡി.എ സഖ്യം മാറും. കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ തിരുത്താൻ നവരാഷ്ട്രീയം ഉദയം ചെയ്തതിന്റെ പ്രഖ്യാപനമാകും ഈ തിരഞ്ഞെടുപ്പ്.
ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ നേടിയ ഏഴരലക്ഷത്തിൽപ്പരം വോട്ടുകൾ ഇത്തവണ ഇരട്ടിയാക്കും. പാർട്ടി പ്രവർത്തനങ്ങൾ ബൂത്തുതലം വരെ സജീവവും ശക്തവുമാക്കുന്നതിന് വിപുലമായ കർമ്മപരിപാടികൾക്ക് പാർട്ടിയുടെ സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടീവും രൂപം നൽകിയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ദേശീയ ജനാധിപത്യ സഖ്യത്തെ കേരള ഭരണത്തിലേക്ക് നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനും താഴെത്തട്ടിൽ നടപ്പിലാക്കാനും ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന പഠനശിബിരം സംഘടിപ്പിക്കുകയാണ്.
ഇടത് - വലത് മുന്നണികൾ വലിയ വെല്ലുവിളികൾ നേരിടുന്ന രാഷ്ട്രീയ സാഹചര്യം എൻ.ഡി.എയുടെയും ബി.ഡി.ജെ.എസിന്റെയും പ്രസക്തി വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ചവച്ച വോട്ടുബാങ്കിലെ മുന്നേറ്റം കൂടുതൽ പ്രതീക്ഷയേകുന്നുമുണ്ട്. കേരളത്തിലെ വരുംകാല രാഷ്ട്രീയം എൻ.ഡി.എ കേന്ദ്രീകൃതമാകുമെന്നതിൽ സംശയമില്ല. ആ നല്ല നാളുകളിലേക്കുള്ള വഴിയാണ് കേരളത്തിൽ ഒരുങ്ങുന്നത്.
പഠനശിബിരം നാളെ
ബി.ഡി.ജെ.എസ് മണ്ഡലം ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരുടെ സംസ്ഥാനതല ഏകദിന പഠന ശിബിരം നാളെ (ഫെബ്രുവരി 18 ) ടി.വി ബാബു നഗറിൽ (ആലപ്പുഴ പ്രിൻസ് ഹോട്ടൽ) നടക്കും. രാവിലെ പത്തിന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
(ലേഖകൻ എൻ.ഡി.എ സംസ്ഥാന കൺവീനറും, ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമാണ് )