കോലഞ്ചേരി: വേനലിൽ പാലില്ല, കൊവിഡ് പ്രതിസന്ധികൾക്കിടയിൽ ക്ഷീരകർഷകരുടെ നടുവൊടിയുന്നു. തീറ്റപ്പുല്ല് ലഭ്യതക്കുറവിനു പുറമേ ജലക്ഷാമവും ഏറിയതോടെ കന്നുകാലി വളർത്തൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ചൂട് കൂടിത്തുടങ്ങിയതോടെ പാലുത്പാദനം കുറഞ്ഞുതുടങ്ങി. പച്ചപ്പുല്ലിന് ക്ഷാമമേറിയതോടെ അയൽസംസ്ഥാനത്ത് നിന്നെത്തിക്കുന്ന വൈക്കോലാണ് പശുക്കൾക്ക് നൽകുന്നത്. 30 കിലോയോളം തൂക്കമുള്ള ഒരുകെട്ട് വൈക്കോലിന് 400 രൂപയാണ് വില. തിരിക്കച്ചിക്ക് ഒരു കെട്ടിന് 3235 രൂപയും. ഉയർന്ന വിലയ്ക്കുപോലും വൈക്കോൽ കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. തമിഴ്‌നാട്ടിൽ നിന്നടക്കം വൈക്കോൽ എത്തുന്നില്ല. കൂടാതെ കാലിത്തീറ്റവില ഉയർന്നതും തിരിച്ചടിയായി. 50 കിലോ കാലിത്തീറ്റയ്ക്ക് 1260 മുതൽ 1300 രൂപവരെയാണ് വില. കൊവിഡ് പ്രതിസന്ധികളിൽ ക്ഷീരസംഘങ്ങൾ വഴി കാലിത്തീറ്റ 200 രൂപ സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്നതും നിലച്ചു.
കൂട്ടണം പാൽവില
വൈക്കോലിനും കാലിത്തീറ്റയ്ക്കും വില ഉയർന്നതിന് അനുസൃതമായി പാൽവില വർദ്ധിക്കുന്നുമില്ല. ക്ഷീരസംഘങ്ങൾ പാലിന് 40 രൂപ വരെ കർഷകർക്ക് നൽകുന്നുണ്ടെങ്കിലും കൊഴുപ്പനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ട്. 35 രൂപയ്ക്കടുത്താണ് ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നത്. വേനൽ കനക്കുന്നതോടെ പാലുത്പാദനം കുറഞ്ഞ് വരുമാനം കുറയുന്ന ക്ഷീരകർഷകർ കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവയും കുറയ്ക്കാൻ നിർബന്ധിതരാവുന്നു. ഇതോടെ പാലുത്പാദനത്തിൽ വീണ്ടും കുറവുണ്ടാകുന്നു.
കൊവിഡും നടുവൊടിച്ചു
കൊവിഡ് പ്രതിസന്ധികളെ തുടർന്ന് ജനങ്ങൾ കൂടുന്ന ആഘോഷങ്ങൾ കുറഞ്ഞത് പാൽ വില്പനയ്ക്ക് തിരിച്ചടിയായി. ആഘോഷങ്ങളിൽ തൈരായും പാലായും വില്പന നടന്നിരുന്നത് നിലച്ചിരിക്കുകയാണെന്ന് ക്ഷീരസംഘങ്ങൾ പറയുന്നു. കൂടാതെ യു.പി തലം വരെ സ്‌കൂളുകളിൽ പാൽ നൽകിയിരുന്നതും നിലച്ചു. സംസ്ഥാനത്ത് പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ വിവിധങ്ങളായ സഹായങ്ങൾ നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കാലിത്തീറ്റയ്ക്ക് സബ്‌സിഡി, കന്നുകുട്ടികൾക്ക് സബ്‌സിഡിനിരക്കിലുള്ള തീറ്റവിതരണം, തീറ്റപ്പുൽ കൃഷിക്കുള്ള സഹായം, കറവയന്ത്റങ്ങൾ വാങ്ങുന്നതിനുള്ള സഹായം, തൊഴുത്തുനിർമാണത്തിനുള്ള സഹായം എന്നിവ പലപ്പോഴായി നടപ്പാക്കുന്നണ്ടങ്കിലും വേനൽ കണക്കിലെടുത്ത് ക്ഷീരമേഖലയിൽ കൂടുതൽ സഹായങ്ങൾ നൽകണമെന്നാണ് കർഷകരുടെ ആവശ്യം.