
പിന്നാക്ക വകുപ്പിനുള്ള ഇടതുമുന്നണി വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല
അധിക ഫണ്ടിനുള്ള അപേക്ഷ ധനവകുപ്പ് നിരസിച്ചത് മൂന്നു തവണ
കൊച്ചി: പിന്നാക്ക വികസന വകുപ്പിനായുള്ള ഇടതു മുന്നണി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ജലരേഖയായി. ഒന്നു പോലും നടപ്പാക്കാതെയാണ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. പിന്നാക്ക വികസന വകുപ്പിനെ ശക്തിപ്പെടുത്തുമെന്നും കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യം വർദ്ധിപ്പിക്കുമെന്നുമായിരുന്നു പ്രധാന പ്രഖ്യാപനങ്ങൾ. ഇതിനായി ഇതുവരെ ഒരു തീരുമാനവുമുണ്ടായില്ല.
പാലക്കാട്, കൊല്ലം ജില്ലകളിൽ മേഖലാ ഓഫീസുകൾക്കും, ഇവിടങ്ങളിൽ അഞ്ചു വീതം സ്റ്റാഫ് പോസ്റ്റിംഗിനും, തുച്ഛമായ വിദ്യാഭ്യാസ ആനുകൂല്യം മൂന്നിരട്ടിയാക്കാനും അനുമതി തേടി വകുപ്പയച്ച അനുമതി അപേക്ഷ ഈ സർക്കാരിന്റെ കാലത്തു തന്നെ മൂന്നു വട്ടം ധനകാര്യ വകുപ്പ് നിരസിച്ചു. നാലാമത്തെ അപേക്ഷ ഇപ്പോൾ ധനവകുപ്പിനു മുന്നിലുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ അതും പാഴാകും. അല്ലെങ്കിലും നിരസിക്കപ്പെടാനാണ് സാദ്ധ്യത.
കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളിൽ അനവധി പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെട്ടപ്പോഴാണ്, സംസ്ഥാനത്തെ 65%ൽ അധികം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന വകുപ്പിനെ നിഷ്കരുണം അവഗണിക്കുന്നത്. പിന്നാക്കവിഭാഗക്കാർക്കു നൽകുന്ന തുച്ഛമായ ആനുകൂല്യങ്ങൾക്കായി സംസ്ഥാനത്തുള്ളത് രണ്ട് മേഖലാ ഓഫീസുകൾ മാത്രം. വകുപ്പിലെ മൊത്തം ജീവനക്കാരുടെ എണ്ണം 26.
തിരുവനന്തപുരത്തുള്ള ഗുണഭോക്താവ് ആനുകൂല്യത്തിനായി എറണാകുളത്തെ ഓഫീസിൽ പോകണം. ഏഴു ജില്ലക്കാർക്ക് ഒരു ഒാഫീസാണ്. പാലക്കാട്, കൊല്ലം ഓഫീസുകൾക്കുള്ള നടപടി പുരോഗമിക്കുകയാണെന്ന് വകുപ്പ് മന്ത്രി എ.കെ. ബാലൻ മൂന്നു വർഷം മുമ്പ് നിയമസഭയിൽ വ്യക്തമാക്കിയതുമാണ്. അതേ സമയം, ന്യൂനപക്ഷ ക്ഷേമ വകുപ്പിന് എല്ലാ ജില്ലാ കളക്ടറേറ്റുകളിലും സ്പെഷ്യൽ സെല്ലുണ്ട്.
1966- ലെ ജസ്റ്റിസ് കുമാരപിള്ള കമ്മീഷൻ ശുപാർശ പ്രകാരമാണ് പോസ്റ്റ് മെട്രിക്ക് പിന്നാക്ക വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത്. ഫീസും പഠനച്ചെലവും വർദ്ധിച്ചെങ്കിലും നിരക്ക് തുച്ഛമാണ്. വാർഷിക വരുമാന പരിധിയാകട്ടെ ഒരു ലക്ഷം രൂപയും.
............................
നിലവിലെ കെ.പി.സി.ആർ ആനുകൂല്യങ്ങൾ
കോഴ്സുകൾ, ലംപ്സം, മാസം:
പ്രൊഫഷണൽ ഡിഗ്രി/പി.ജി- 500 -200
പോളിടെക്നിക് 200 -100