കൊച്ചി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് ആസ്റ്റർ മെഡ്‌സിറ്റിയിൽ 750 സി.ടി, 750 എം.ആർ.ഐ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കും. ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ 34ാം സ്ഥാപക ദിനത്തിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് സൗജന്യ പരിശോധന ഒരുക്കുന്നത്. ഇതിനുള്ള അപ്പോയിന്റ്‌മെന്റ് www.asterfreein.com ൽ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ വൈകീട്ട് 5 വരെയും ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 8 വരെയുമാണ് സൗജന്യ പരിശോധനകൾ. ഡിസംബർ 11 വരെയോ ബുക്കിംഗ് പൂർത്തിയാകുന്നത് വരെയോ സൗജന്യം ലഭിക്കും. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന് പുറമേ സർക്കാർ അധികൃതരിൽ നിന്നോ തദ്ദേശ സ്ഥാപന അധികൃതരിൽ നിന്നുള്ള കത്ത്, വരുമാന സർട്ടിഫിക്കറ്റ്, ബിപിഎൽ കാർഡ്, റേഷൻ കാർഡ് ഇവയിൽ ഏതെങ്കിലും ഒരു പ്രൂഫ് സഹിതം ബുക്കിംഗ് സമയത്ത് അപ്‌ലോഡ് ചെയ്യണം.
ചേരാനെല്ലൂർ പഞ്ചായത്ത് നിവാസികൾ, സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും റഫർ ചെയ്ത രോഗികൾ, 60 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. ഡിസംബർ 11 വരെയാണ് സൗജന്യ പരിശോധനകൾ ലഭ്യമാകുകയെന്ന് ആസ്റ്റർ മെഡ്‌സിറ്റി സി.ഒ.ഒ അമ്പിളി വിജയരാഘവൻ പറഞ്ഞു. ചീഫ് ഒഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ, നടൻ അജു വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.