award-vitharanam
വെളിച്ചം വിദ്യാഭ്യാസ അവാർഡുകൾ ചെറായി ഗൗരീശ്വരഹാളിൽ എസ്. ശർമ്മ എം.എൽ.എ. വിതരണം ചെയ്യുന്നു

വൈപ്പിൻ: എസ്.ശർമ എം.എൽ.എ വൈപ്പിൻ മണ്ഡലത്തിലെ 70 സ്‌കൂളുകളിൽ നടപ്പാക്കിവരുന്ന വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ 2019-20 വർഷത്തെ അവാർഡുകൾ വിതരണം ചെയ്തു. രാവിലെ 10 ന് ചെറായി ഗൗരീശ്വരം ഹാളിലും വൈകിട്ട് 4 ന് ഞാറക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലുമായാണ് അവാർഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ജേതാക്കളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ അതത് സ്‌കൂളുകളിൽ എത്തിക്കും. മികച്ച അദ്ധ്യാപകർ,അദ്ധ്യാപകർ, കോർഡിനേറ്റർമാർ, കായികാദ്ധ്യാപകർ,അനദ്ധ്യാപകർ,പാചകസേവകർ,പിടിഎ,മദർ പി.ടി.എ,മാനേജ്‌മെന്റ്,സ്‌കൂൾ എന്നീ വിഭാഗങ്ങളിലുള്ള അവാർഡുകൾ ഫെസ്റ്റിൽ വിതരണം ചെയ്തു.വെളിച്ചം വൈസ് ചെയർമാൻ സിപ്പി പള്ളിപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.കെ.എസ്.പുരുഷൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ശർമ്മ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. ത്രിതല പഞ്ചായത്ത് സാരഥികളും സഹകരണ ബാങ്ക് പ്രസിഡന്റുമാരും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി.അലക്‌സാണ്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓമന.എം.പി,എറണാകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.എക്‌സ്. ആൻസലാം, വൈപ്പിൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു ഗോപി, വി.വി സഭ സ്‌കൂൾ മാനേജർ അഡ്വ. എൻ.എസ്.അജയ് എന്നിവരും പ്രസംഗിച്ചു.