museum

കൊച്ചി: നാട്ടുരാജ്യത്തിന്റെ ചരിത്രശേഷിപ്പുകൾ കുടികൊള്ളുന്ന തൃപ്പൂണിത്തുറ ഹിൽപ്പാലസും അന്താരാഷ്ട്ര വാണിജ്യബന്ധങ്ങളുടെ ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവും ഉള്ളടക്കത്തിലെ നവീകരണത്തിന് ശേഷം ഇന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ഇന്ത്യൻ മ്യൂസിയങ്ങളുടെ പരമ്പാരതഗതശൈലിയിൽ നിന്ന് മാറി ചരിത്രവിദ്യാർത്ഥികൾക്കും കൗതുകക്കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ആസ്വാദ്യവും വിജ്ഞാനപ്രദവുമായ രീതിയിലാണ് രണ്ടിടത്തും നവീകരണ പ്രവൃത്തനങ്ങൾ നടത്തിയത്. കേരളത്തെ ഇന്ത്യയുടെ മ്യൂസിയം ഹബ്ബാക്കി മാറ്റുകയാണെന്നതാണ് സംസ്ഥാനസർക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുളള മിനിമ്യൂസിയങ്ങൾ സ്ഥാപിക്കുകയെന്ന നയത്തിന്റെ ഭാഗമാണ് നവീകരണം.

നവീകരിച്ച ബാസ്റ്റ്യൻ ബ്ലംഗാവ് ഇന്നു രാവിലെ 10.30 നും തൃപ്പൂണിത്തുറ മ്യൂസിയം ഉച്ചകഴിഞ്ഞ് 2.30 നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രണ്ടിടത്തും പൊതുജനങ്ങൾക്ക് ഒരു മാസത്തേക്ക് സന്ദർശനം സൗജന്യമാണ്.

ബാസ്റ്റ്യൻസ് ബംഗ്ലാവ്

കൊളോണിയൻ മുദ്രണങ്ങൾക്കെല്ലാം സാക്ഷിയായ ബാസ്റ്റ്യൻ ബംഗ്ലാവ് സംസ്ഥാന പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള എറണാകുളം ജില്ല പൈതൃകമ്യൂസിയം എന്ന പദവിയിലേക്കാണ് ഉയർത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ദൃശ്യാനുഭവങ്ങളാണ് ഒരുക്കിയത്. 6000 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലോറിൽ 10 ഗാലറികളികളിലായി കൊച്ചിയുടെ ചരിത്രവും സംസ്കാരവും പൈതൃകവുമെല്ലാം അനാവരണം ചെയ്തിട്ടുണ്ട്. ബാസ്റ്റ്യൻ ബംഗ്ലാവിന്റെ ചരിത്രം നാൾവഴികൾ, മലബാർ തീരത്തിന്റെ വാണിജ്യചരിത്രം, കൊച്ചിയിലെ വിദേശാധിപത്യങ്ങൾ, വിവിധ കാലഘട്ടങ്ങളിലെ കൊച്ചിയുടെ ഭൂപടം തുടങ്ങി മലബാറിന്റെ സസ്യസമ്പത്തിനെക്കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിച്ച ആദ്യഗ്രന്ഥം ഫോർത്തൂസ് മലബാറിക്കൂസിന്റെ ചരിത്രത്തിലേക്കും കാഴ്ചകളിലേക്കും ആളുകളെ കൂട്ടിക്കൊണ്ടുപോകുന്ന രീതിയിലാണ് മ്യൂസിയം ക്രമീകരിച്ചിരിക്കുന്നത്. മിനി തീയേറ്റർ, കോഫി ഷോപ്പ്, ക്യൂറിയോ ഷോപ്പ് എന്നിവയും ഇതോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട്. വ്യത്യസ്തമായ വിഷയാവതരണം കൊണ്ടും സജ്ജീകരണങ്ങൾക്കൊണ്ടും പുതിയൊരു ദൃശ്യാനുഭവമാണ് ബാസ്റ്റ്യൻ ബംഗ്ലാവ്.

ഹിൽപ്പാലസ്

കേന്ദ്രസർക്കാർ അനുവദിച്ച 2.5 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ച 62.5 ലക്ഷംരൂപയും വിനിയോഗിച്ചാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ് മ്യൂസിയത്തിന്റെ ആദ്യഘട്ട നവീകരണജോലികൾ പൂർത്തിയാക്കിയത്. ഗാലറികൾ അടിമുടി നവീകരിക്കുന്നതിനൊപ്പം സന്ദർശകർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി, സി.സി.ടി.വി, മെറ്റൽ ഡിക്ടറ്റർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. നടുവിലെ മാളിക, തെക്കേ മാളിക, വടക്കേമാളിക എന്നീ പ്രധാനകെട്ടിടങ്ങളിലെ ഗാലറികളുടെ സജ്ജീകരണങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇതിനുശേഷം രണ്ടാംഘട്ടമായി കേന്ദ്രസർക്കാർ 1.12 കേടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് മ്യൂസിയത്തിന്റെ സമഗ്രമായ നവീകരണപ്രവ‌ൃത്തികൾ നടത്തുമെന്ന് ആർക്കിയോളജി, മ്യൂസിയം വകുപ്പുകളുടെ ചുതമല വഹിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു വാർത്താസമ്മേളനത്തിൽ അറിയിച്ചു.