
കൊച്ചി : കൊവിഡ് പിടിയിൽ നിന്നും പതിയെ തിരിച്ചുവരവിന്റെ പാതയിലാണ് ടൂറിസം മേഖല. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങി എല്ലാ വിനോദ സഞ്ചാരമേഖലകളും തുറന്നതോടെയാണ് മേഖല ഉണർന്നത്. മറ്റു ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും വരുന്ന സഞ്ചാരികളും കൂടുകയാണ്. ജില്ലയിൽ ചെറായി , ഫോർട്ട് കൊച്ചി , മുനമ്പം മേഖലകളിലും തിരക്കേറുകയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ജീവൻവച്ചത് ചെറുകിട കച്ചവടക്കാർക്കും ആശ്വാസമായി. മാസങ്ങളായി ദുരിതത്തിലായിരുന്നവരിൽ പലരും മറ്റു പല ജോലികളും ചെയ്താണ് കുടുംബം പുലർത്തിയത്. കച്ചവടം തിരിച്ചുവന്നതോടെ ഇത്തരക്കാർക്ക് പ്രതീക്ഷ നൽകുന്നു.
മൂന്നാറിൽ
പ്രളയ നഷ്ടങ്ങളിൽ നിന്ന് കരകയറുന്ന ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയിലെ പ്രതീക്ഷയാണ് ഈ മഞ്ഞുകാലം. ഹൈറേഞ്ചിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ഇടങ്ങളിൽ ഒന്നാണ് മൂന്നാർ
ഇരവികുളം ദേശിയോദ്യാനം
നിലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകളെ തൊട്ടടുത്ത് കാണുവാൻ നിരവധി സഞ്ചാരികളാണ് ഇങ്ങോട്ടിപ്പോൾ എത്തുന്നത്. വരയാടുകൾക്കൊപ്പം ഉയർന്നു നിൽക്കുന്ന മലനിരകളും തളംകെട്ടി നില്‍ക്കുന്ന കോടമഞ്ഞും ഇരവികുളത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി തീർക്കുന്നു. കോടമഞ്ഞ് മൂടുന്ന മലയിടുക്കുകളും ദൂരെ പരന്ന് കിടക്കുന്ന തേയിലക്കാടുകളും മലയിടുക്കുകളിലൂടെ മേഞ്ഞ് നടക്കുന്ന വരയാടിന്‍ കൂട്ടവും ഇരവികുളത്തിന്റെ മാത്രം പ്രത്യേകതകളാണ്.
കാൽവരി മൗണ്ട്
സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ് കാൽവരിമൗണ്ട്. സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരം. ഇൗ വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്കായി തുറന്നതോടെ സന്ദർശകരുടെ വരവും വർദ്ധിച്ചു. ഇടുക്കി ആർച്ച് ഡാം ലോകപ്രശസ്തമായതോടെയാണ് കാൽവരി മൗണ്ടും പ്രശസ്തിയുടെ മല കയറിയത്. ഇടുക്കിയുടെ കൊതിപ്പിക്കുന്ന കാലാവസ്ഥയും പ്രകൃതിഭംഗിയുമാണ് കാൽവരിമൗണ്ടിന്റെ മുഖ്യ ആകര്‍ഷണം. നിറഞ്ഞുനില്‍ക്കുന്ന ഇടുക്കി ജലസംഭരണി 600 അടി ഉയരത്തിൽ നിന്നും കാൽചുവട്ടിൽ എന്നപോലെ കാണാൻ കഴിയും.
പൊന്മുടിയിലും തിരക്കേറി
സ്പീഡ് ബോട്ട് സർവീസാണ് പൊൻമുടിയിലെ മുഖ്യ ആകർഷണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി സഞ്ചാരികൾ ഇപ്പോഴെയെത്തി തുടങ്ങി. സ്പീഡ് ബോട്ട് യാത്രയാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
വിദേശ ടൂറിസം മെച്ചപ്പെടണം
അന്താരാഷ്ട്ര ടൂറിസം മേഖലയിൽ അറിയപ്പെടുന്ന കേരളത്തിന്റെ ഒരു പ്രധാന വരുമാന മാർഗമാണ് ടൂറിസം. ആഭ്യന്തര-വിദേശ വിനോദസഞ്ചാരത്തിൽ നിന്ന് കേരളം പ്രതിവർഷം നേടിയിരുന്നത് 50,000 കോടിയിലേറെ രൂപയാണ്. 2019 ൽ ആകെ 1.96 കോടി ആഭ്യന്തര വിദേശ വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിയിരുന്നു. വിദേശ സഞ്ചാരികൾ എത്തിയാലെ ടൂറിസം മേഖലയിൽ സാമ്പത്തിക ഭദ്രത കെെവരുകയുള്ളു.
എസ് .വിജയകുമാർ
സെക്രട്ടറി
ഡി.ടി.പി.സി എറണാകുളം