kaladymarch

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. സി.പി.എം നേതാവും മുൻ എം.പി യുമായ എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി മലയാളം വിഭാഗത്തിൽ അസി.പ്രൊഫസറായി നിയമനം നൽകിയെന്നും മറ്റു നിയമനങ്ങൾക്കായി പാർട്ടി ഏരിയ സെക്രട്ടറി ശുപാർശ കത്തുകൾ നൽകിയെന്നും ആരോപിച്ചായിരുന്നു മാർച്ച്.

ആശ്രമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സർവകലാശാല കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ലോകം മുഴുവൻ അദ്വൈതം പ്രചരിപ്പിച്ച ശങ്കരാചര്യരുടെ നാട്ടിൽ തന്നെയാണ് സോഷ്യലിസം പറയുന്ന കമ്യൂണിസ്റ്റുകൾ അവിശുദ്ധ മാർഗത്തിലൂടെ ഭാര്യമാർക്കും ഇഷ്ടക്കാർക്കും തൊഴിൽ വീതംവക്കുന്നത്. ഈ നിലപാടുമായ് അധികാരികൾ മുന്നോട്ട് പോയാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എൻ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, ജില്ലാവൈസ് പ്രസിഡന്റ് എം.എൻ. ഗോപി, ജില്ലാ സെക്രട്ടറി വി. കെ. ഭസിത് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ബിജു പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.