കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് കൃഷി വകുപ്പിന്റെ ജില്ലാ അവാർഡ് ലഭിച്ചു. പൂതൃക്ക കൃഷിഭവന്റെ സഹകരണത്തോടെ സ്‌കൂളിലെ അഗ്രിക്കൾച്ചർ വിഭാഗം നടത്തിയ ഹൈടെക് കൃഷി രീതിയാണ് സ്‌കൂളിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ജലസേചനത്തോടൊപ്പം ചെടിക്ക് ആവശ്യമായ മൂലകങ്ങൾ കൃത്യമായ അളവിൽ ഓരോ ചെടിയിലും എത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്. മറ്റക്കുഴിയിൽ നടന്ന ജില്ലയിലെ മികച്ച കർഷകർക്കുള്ള അവാർഡുദാന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ കെ.ഐ. ജോസഫും കുട്ടികളും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.