chennithala

കൊച്ചി: യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശവും ആത്മവിശ്വാസവും പകർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ആയിരങ്ങളാണ് അണിനിരന്നത്. ജില്ലയിലെ പര്യടനം ഇന്ന് കോതമംഗലത്ത് പൂർത്തിയാകും. തൃശൂർ ജില്ലയിൽ നിന്ന് എറണാകുളം ജില്ലയിൽ പ്രവേശിച്ച യാത്രയെ അങ്കമാലിയിൽ ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ വൻസ്വീകരണം നൽകി. റോജി എം. ജോൺ എം.എൽ.എ ഉൾപ്പെടെ നേതാക്കളും ഘടകക്ഷി നേതാക്കളും സ്വീകരണത്തിൽ പങ്കെടുത്തു.

ആലുവയിലെ സ്വീകരണം പറവൂർ കവലയിലായിരുന്നു. അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിലാണ് യാത്രയെ സ്വീകരിച്ചത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയവരും യാത്രയെ വരവേറ്റു. ദേശീയപാതയോരത്ത് ആയിരങ്ങളാണ് ചെന്നിത്തലയെ സ്വീകരിക്കാൻ അണിനിന്നത്.

കളമശേരി നിയമസഭാ മണ്ഡലത്തിലെ മാളികംപിടികയിലായിരുന്നു അടുത്ത സ്വീകരണം. ആലുവ യു.സി കോളേജ് ജംഗ്ഷനിൽ നിന്ന് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്രയെ സ്വീകരിച്ചാനയിച്ചത്. മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നേതാക്കൾ യാത്രയ്ക്ക് അഭിവാദ്യം നേരാനെത്തി.പറവൂരിലെത്തിയ യാത്രയെ സ്വീകരിക്കാനും ആയിരങ്ങളാണ് അണിനിരന്നത്. നമ്പൂരിച്ചൻ ആലിൻചുവട്ടിലായിരുന്നു സ്വീകരണം. വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു വരവേല്പ്. കണ്ടെയ്‌നർ റോഡുവഴിയാണ് യാത്ര രാത്രി എട്ടോടെ എറണാകുളം നഗരത്തിൽ പ്രവേശിച്ചത്. സ്വീകരണ സ്ഥലമായ മറൈൻഡ്രൈവ് ഹെലിപ്പാഡിൽ ആയിരങ്ങളാണ് യാത്രാനായകനെ സ്വീകരിക്കാൻ അണിനിരന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ഉദ്ഘാടനം ചെയ്തു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസംഗിച്ചു.

ഇന്ന് സമാപനം

യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ നഗരത്തിലെ പ്രമുഖ വ്യക്തികളുമായി രമേശ് ചെന്നിത്തല ഇന്നു രാവിലെ കൂടിക്കാഴ്ച നടത്തും. ബി.ടി.എച്ചിൽ രാവിലെ എട്ടിനാണ് കൂടിക്കാഴ്ച. തുടർന്ന് മാദ്ധ്യമങ്ങളുമായി സംസാരിക്കും. വൈറ്റിലയിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക. പത്തിന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലാണ് ആദ്യ സ്വീകരണം. തുടർന്ന് മുളന്തുരുത്തി വഴി പിറവത്തെത്തും. പള്ളിക്കവലയിലെ പഴയ ബസ് സ്റ്റാനറിലാണ് സമ്മേളനം.രാമമംഗലം, പൂതൃക്ക വഴി കുന്നത്തുനാട്ടിൽ ഉച്ചയ്ക്ക് മൂന്നിനെത്തും. പുത്തൻകുരിശ് കാവുംതാഴത്താണ് സ്വീകരണം. ചൂണ്ടി, പട്ടിമറ്റം വഴി വൈകിട്ട് നാലിന് യാത്ര പെരുമ്പാവൂരിലെത്തും. മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സ്വീകരണം. മൂവാറ്റുപുഴ ടൗൺ ഹാളിലെ സ്വീകരണത്തിന് ശേഷം കോതമംഗലത്തെത്തും. മുനിസിപ്പൽ ജംഗ്ഷനിൽ പൊതുസമ്മേളനത്തോടെ എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാകും. യു.ഡി.എഫ് നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും.