
ആലുവ: രണ്ട് പതിറ്റാണ്ട് മുമ്പ് നിർമ്മാണം ആരംഭിച്ച സീപോർട്ട് - എയർപോർട്ട് റോഡ് യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയാൽ പൂർത്തീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയിൽ ഐശ്വര്യ കേരള യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് സർക്കാർ ഫണ്ട് അനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും നിർദ്ധിഷ്ട റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. പദ്ധതി മേഖലയിലെ നിരവധി കുടുംബങ്ങളാണ് സ്വന്തം സ്ഥലം പോലും വിൽക്കാൻ കഴിയാതെ വിഷമിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണം പൂർത്തിയാക്കും.
കേരള ബാങ്ക് പൂട്ടും
അധികാരത്തിലെത്തിയാൽ കേരള ബാങ്ക് അടച്ചു പൂട്ടും. നടത്തിയ നിയമനങ്ങൾ റദ്ദാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വകുപ്പുകളിലെ തൊഴിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിയമം കൊണ്ടു വരും. മോദിക്കെതിരെ സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നില്ലെന്നും ഇത് ബി.ജെ.പിയും ഇടത് പാർട്ടികളും തമ്മിലുള്ള അടുപ്പത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എ. മാരായ അൻവർസാദത്ത്, ടി.ജെ. വിനോദ്, ഷാഫി പറമ്പിൽ, റോജി.എം. ജോൺ, ആബിദ് ഹുസൈൻ തങ്ങൾ, പി.സി. വിഷ്ണുനാഥ്, ഘടകകക്ഷി നേതാക്കളായ മുൻ എം.പി. ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, സി.പി. ജോൺ, ജി. ദേവരാജൻ, അബ്ദുൾ മജീദ്, വി.കെ. അബ്ദുൾ ഗഫൂർ, മുൻ മന്ത്രി കെ. ബാബു, ബി.എ. അബ്ദുൾ മുത്തലിബ്, എം.ഒ. ജോൺ, ജെബി മേത്തർ, എം.കെ.എ. ലത്തീഫ്, ഡൊമിനിക്ക് കാവുങ്കൽ എന്നിവർ സംസാരിച്ചു.