ഫോർട്ട്കൊച്ചി: പക്ഷിപ്പനി ആഘാതം കൊച്ചിയിൽ ഏറ്രില്ല. ചിക്കൻ വില കുതിച്ചുയരുന്നു. ഇന്നലെ മാർക്കറ്റിൽ ഒരു കിലോ കോഴിക്ക് 110 രൂപയിലെത്തി. തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ ഓരോ ജില്ലയിലും ഫാമുകളുടെ എണ്ണം വർദ്ധിച്ചു.കൊച്ചിയിലേക്ക് കോഴി എത്തുന്നത് പെരുമ്പാവൂർ, കിഴക്കമ്പലം, പിറവം എന്നീ ഭാഗങ്ങളിൽ നിന്നാണ്. അതേസമയം ചിലയിടങ്ങളിൽ 120 രൂപ വരെ ഉയർന്നിട്ടുണ്ട്. ജില്ലയിൽ മാത്രം അമ്പതോളം ഫാമുകളാണ് പ്രവർത്തിക്കുന്നത്. രണ്ടാഴ്ചക്ക് മുമ്പ് കോഴി വില 84 രൂപയായിരുന്നു. ഇത് പക്ഷിപ്പനി മൂലം കുറച്ചതല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.വിപണിയിലെ ഹോൾ സെയിൽ ഇടനിലക്കാരെ ഒതുക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. മീൻ വില കുതിച്ചുയർന്നതോടെയാണ് ആളുകൾ ചിക്കനെ ആശ്രയിക്കാൻ തുടങ്ങിയത്. കരിമീൻ 650 രൂപയാണ് ഇന്നലത്തെ മാർക്കറ്റ് വില. നല്ല ചാളയും അയലയും കിട്ടാനില്ല. കത്തിച്ചാള കിലോ 250 രൂപ.അയല - 300, ചൂര - 400, ചെമ്മീൻ - 450. പക്ഷിപ്പനി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും താറാവിന്റെ വിലയിൽ മാറ്റമില്ല. ഒരെണ്ണം 350 രൂപയാണ് വില.മട്ടൻ വില 700 രൂപയിൽ നിന്ന് താഴ്ന്നിട്ടേയില്ല.