kerala-ashwarya-yathara-

പറവൂർ: ജാതിയും മതവും പറഞ്ഞ് വോട്ടുപിടിക്കുകയും മതവിഭാഗങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സി.പി.എം ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് പറവൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ബി.ജെ.പിയെക്കാൾ കൂടുതൽ വർഗീയത പ്രസംഗിക്കുന്നു. സി.പി.എമ്മുകാരുടെ പ്രസംഗം കേട്ടാൽ ബി.ജി.പിക്കാരുടേതാണെന്ന് തോന്നും. പച്ചയായ വർഗീയതയാണ് കേരളത്തിൽ ഉടനീളം പറയുന്നത്.

പറവൂരിന് ഏറ്റവും വലിയ ദുരന്തം നൽകിയത് പിണറായി സർക്കാരാണ്. മുന്നും പിന്നും ആലോചനയില്ലാതെ എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നുവിട്ടു. ദുരന്തത്തിൽപ്പെട്ട പാവപ്പെട്ടവരെ സഹായിച്ചുമില്ല. അവർക്കുള്ള പണം പാർട്ടിക്കാർ തട്ടിയെടുത്തു. ലോകം മുഴുവൻ ഓടി നടന്ന പറവൂരുകാരെ സഹായിക്കാൻ നോക്കിയ വി.ഡി. സതീശനെതിരെ കള്ളക്കേസും എടുത്തു. ഇതിനെല്ലാം എണ്ണിയെണ്ണി രണ്ടു മാസത്തിനുള്ളിൽ ജനങ്ങൾ മറുപടി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വി.‌‌‌ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, ഹൈബി ഈഡൻ എംപി, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, ആബിദ് ഹുസൈൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, സി.പി. ജോൺ, എം.ജെ. രാജു, പി.ആർ.സൈജൻ, പി.എസ്.രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. നമ്പൂരിയച്ചൻ ആലിനു സമീപത്തു വച്ച് യു.ഡി.ഫ് നേതാക്കൾ സ്വീകരിച്ച് വാദ്യമേളങ്ങളുടേയും കാവടിയുടേയും അകമ്പടിയോടെയാണ് പറവൂർ മുനിസിപ്പൽ പാർക്ക് ഗ്രൗണ്ടിലേയ്ക്ക് രമേഷ് ചെന്നിത്തലയെ ആനയിച്ചത്.