
കൊച്ചി : കൊവിഡ് സാഹചര്യത്തിൽ വിവിധ സി.ബി.എസ്.ഇ സ്കൂളുകൾ 12 മുതൽ 40 ശതമാനം വരെ ഫീസിളവു നൽകാൻ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫീസ് ഇൗടാക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് അനുമതി നൽകി.
കൊല്ലം വടക്കേവിള എസ്.എൻ , ആലുവ സെന്റ് ജോസഫ് , ക്രസന്റ് , തൊടുപുഴ
കോ ഒാപ്പറേറ്റീവ്, എറണാകുളം ശ്രീമൂലനഗരം അൽ അമീൻ, തൃപ്രയാർ ലെമർ , ചേർത്തല നജ്‌വത്തുൽ ഇസ്ലാം , സെന്റ് മേരി ഒഫ് ലൂക്ക, കായംകുളം ജനശക്തി , മലപ്പുറം എയർപോർട്ട് സീനിയർ സെക്കൻഡറി , കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് കാമ്പസ് സീനിയർ സെക്കൻഡറി , തത്തമംഗലം ചിന്മയ , ഇരിങ്ങാലക്കുട ശാന്തിനികേതൻ എന്നീ പബ്ളിക് സ്കൂളുകളിലെ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ ഹർജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
സ്കൂളുകളുടെ വരവു ചെലവു കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നേരത്തേ ഡി.ഇ.ഒമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇൗ കണക്കുകൾ പരിശോധിച്ചാണ് ഹൈക്കോടതി വിധി.
ഹൈക്കോടതി നിർദ്ദേശം
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 2020 - 21 അദ്ധ്യയന വർഷത്തെ ഫീസിനു മാത്രമാണ് ഉത്തരവ് ബാധകം.
രണ്ടാം ഫീസ് ഫെബ്രുവരി 26 നകവും, മൂന്നാം ഫീസ് മാർച്ച് 31 നകവും നൽകണം. ഇളവുകൾ ഇൗ ഗഡുക്കളിൽ പ്രതിഫലിക്കണം. ആദ്യ ഫീസടച്ചവർക്കു മാത്രമാണ് ഇളവുകൾക്ക് അർഹത.