
കൊച്ചി : സാമ്പത്തിക സംവരണം ഫലപ്രദമായി നടപ്പാക്കുന്നതിന് മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ഹൈക്കോടതിയിൽ ഉപഹർജി നൽകി.
സാമ്പത്തിക സംവരണം നൽകാൻ സർക്കാർ തീരുമാനമെടുത്ത തീയതി മുതലുള്ള പി.എസ്.സി ലിസ്റ്റുകളിൽ ഇൗ സംവരണം ബാധകമാക്കണം, സംവരണത്തിന്റെ റൊട്ടേഷനിൽ മൂന്നാം ഉൗഴം വേണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എസ്.എസ് നേരത്തെ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇൗ ഹർജിയിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഉപഹർജി.
മുന്നാക്ക സമുദായങ്ങളുടെ പട്ടിക തയ്യാറാക്കാനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.വി. രാമകൃഷ്‌ണപിള്ള കമ്മിഷൻ 2019 ഫെബ്രുവരിയിൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതു സർക്കാർ അംഗീകരിച്ചെങ്കിലും സമുദായ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. 166 മുന്നാക്ക സമുദായങ്ങളെ ഉൾപ്പെടുത്തിയാണ് കമ്മിഷൻ റിപ്പോർട്ട്. സാമ്പത്തിക സംവരണത്തിന് അർഹത വേണമെങ്കിൽ മുന്നാക്ക സമുദായാംഗമെന്ന സർട്ടിഫിക്കറ്റ് നൽകേണ്ടി വരും. ഇത്തരമൊരു പട്ടികയില്ലാത്തതിനാൽ അർഹരായവർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് ഉപഹർജിയിൽ പറയുന്നു. ഇൗ സാഹചര്യത്തിൽ മുന്നാക്ക സമുദായ പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. അടുത്ത ദിവസം
ഹർജി ഹൈക്കോടതി പരിഗണിച്ചേക്കും.