
കൊച്ചി : വാളയാറിൽ പീഡിപ്പിക്കപ്പെട്ട ദളിത് സഹോദരിമാർ മരിച്ച കേസ് സി.ബി.ഐക്കു വിട്ട വിജ്ഞാപനത്തിലെ തെറ്റു തിരുത്തിയിറക്കിയ പുതിയ വിജ്ഞാപനം സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി. ഇനി സി.ബി.ഐയുടെ ഉൗഴമാണെന്നും വാക്കാൽ പറഞ്ഞ സിംഗിൾബെഞ്ച് ഹർജി ഫെബ്രുവരി 18 ലേക്ക് മാറ്റി. അന്വേഷണം സി.ബി.ഐക്കു കൈമാറി ജനുവരി 25 നാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. അതിൽ 13 വയസുള്ള മൂത്ത കുട്ടിയുടെ മരണം മാത്രമാണ് പറയുന്നതെന്നും ഒമ്പതു വയസുള്ള ഇളയ കുട്ടിയുടെ മരണവും സി.ബി.ഐ അന്വേഷിക്കണമെന്നും ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ഫെബ്രുവരി 2 ന് ഇറക്കിയ പുതിയ വിജ്ഞാപനം ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
തല മുണ്ഡനത്തിന് വാളയാറിലെ അമ്മ
ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട മക്കൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കാത്ത സാഹചര്യത്തിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ.
കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമോയെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനംവരെ നോക്കും. ഇല്ലാത്തപക്ഷം, പിറ്റേന്ന് രാവിലെ 11ന് സമരപ്പന്തലിന് മുന്നിൽവച്ച് തല മുണ്ഡനം ചെയ്ത് ഭാവി പ്രക്ഷോഭം തീരുമാനിക്കും.
അന്ന് 14 ജില്ലകളിലും പ്രതിഷേധ സംഗമം നടക്കുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. പെൺകുട്ടികളുടെ അമ്മ 14 ജില്ലകളിലും പര്യടനം നടത്തും.