
കൊച്ചി: സെക്രട്ടേറിയറ്റിന് മുൻപിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ടവരുമായി സർക്കാർ ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി എറണാകുളത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണം. ഐ.ടി വകുപ്പിലുൾപ്പെടെ സ്വകാര്യ കൺസൾട്ടന്റുമാരെ ഉപയോഗിച്ച് എൽ.ഡി.എഫ് സർക്കാർ നടത്തിയ നിയമങ്ങൾ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ റദ്ദാക്കും.
ഉദ്യോഗാർത്ഥികളെ അപഹസിക്കുന്ന മന്ത്രിമാരുടെയുൾപ്പെടെ നിലപാട് പിൻവലിക്കണം. സമരം ചെയ്യുന്നവർക്ക് രാഷ്ട്രീയമില്ല. സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള സമരമെന്ന ആരോപണം അനീതിയാണ്. രണ്ടു മാസം മാത്രം ബാക്കിയുള്ള സർക്കാരിനെ അട്ടിമറിക്കാൻ സമരം വേണ്ട. അത് ജനങ്ങൾ ചെയ്യും.
ഹൈബി ഈഡൻ എം.പി, പ്രൊഫ.കെ.വി. തോമസ്, ജി. ദേവരാജൻ, ലതിക സുഭാഷ്, സി.പി. ജോൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.