
കൊച്ചി: പഠിത്തം ഡോക്ടറാകാൻ. ഇതിനിടെ കൈപ്പിടിയിലൊതുക്കിയത് രണ്ട് വമ്പൻ റെക്കാഡുകൾ. എറണാകുളം എളമക്കര സ്വദേശിനി ശീതളാണ് ചുമർച്ചിത്രം വരച്ച് ഒറ്റയടിക്ക് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡിലും സ്വന്തം പേര് എഴുതിച്ചേർത്തത്. ഇരട്ട നേട്ടം
ചിത്രകാരിയെ നാട്ടിലെ താരമാക്കിയിരിക്കുകയാണ്. ലോക്ക് ഡൗണിൽ നേരംപോക്കിനായി വീടിന്റെ ചുമരിൽ രണ്ട് മീറ്റർ ഉയരത്തിൽ വരച്ച കഥകളി ചിത്രമാണ് റെക്കാഡ് നേടിക്കൊടുത്തത്. വൈവിദ്ധ്യമായ രീതിയിൽ തീർത്ത ചിത്രം നീളംകൂടിയ ചുമർചിത്ര വിഭാഗത്തിലാണ് റെക്കാഡ് കരസ്ഥമാക്കിയത്.
കലയെ നെഞ്ചോട് ചേർക്കുന്ന ശീതൾ ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, കേരളനടനം, സംഗീതം തുടങ്ങി കൈവെയ്ക്കാത്ത മേഖലകളില്ല. കലോത്സവങ്ങളിൽ എല്ലാ മത്സരങ്ങളിലും ഒന്നാംസ്ഥാനവും നേടിയിട്ടുണ്ട്. ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും കാണുന്നതെന്തും ശീതൾ കാൻവാസിൽ പകർത്തുമായിരുന്നു. പെൺസിൽ ഡ്രോയിംഗിലായിരുന്നു തുടക്കം. ലോക്ക് ഡൗണിൽ അമ്മ സുനിതയാണ് ശീതളിനോട് വീട്ടുചുമരിൽ ചിത്രങ്ങൾ വരച്ചുകൂടേയെന്ന ആശങ്കം പങ്കുവച്ചത്. ഇതിനായി നിറങ്ങളും സമ്മാനമായി നൽകി. ഒരുതവണ അക്രിലിക് ഉപയോഗിച്ച് ചുമർ കാൻവാസാക്കി ശീതൾ വരയ്ക്കാൻ തുടങ്ങി. സഹായത്തിന് ഇയളച്ഛന്റെ മക്കളായ അനുരാഗും അവിൻരാഗും കൂടി. രണ്ടുദിവസംകൊണ്ട് ചുമർച്ചിത്രം തീർത്തു. നോക്കി വരച്ചതാണെങ്കിലും കഥകളിവേഷക്കാരന്റെ കിരീടത്തിലെ നിറങ്ങിലും വരകളിലും ശീതൾ ടച്ചുണ്ടായിരുന്നു.തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ് ഈ ഇരുപത്തിനാലുകാരി. ചിത്രങ്ങൾ വരച്ചുനൽകി ചെറിയ വരുമാനവുമുണ്ടാക്കുന്നുണ്ട്. വീടിന്റെ ചുമരുകൾ നിറയെ ചിത്രങ്ങളാണ്. എറണാകുളം എളമക്കര ഓസ്ലോവീട്ടിൽ രമേശനാണ് പിതാവ്.
വീടിന്റെ കോവണിപ്പടിയോട് ചേർന്നുള്ള ചുമലിൽ നെറ്റിപ്പട്ടം വരയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം കാൻവാസിലും ചിത്രങ്ങൾ വരയ്ക്കണമെന്നാണ് ആഗ്രഹം
ശീതൾ