chennithala

കൊച്ചി: ശബരിമല വിശ്വാസസംരക്ഷണത്തിന് നാമജപയാത്ര നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പരിഗണിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ കേസുകളും പിൻവലിക്കാൻ കഴിയുമോയെന്ന് നിയമവശം പരിശോധിച്ചേ തീരുമാനിക്കാൻ കഴിയൂ. ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി പ്രമുഖ വ്യക്തികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട് നാമജപയാത്രയിൽ പങ്കെടുത്തതിന് ഒരു ലക്ഷത്തിലേറെ പേർക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും പിൻവലിക്കാൻ യു.ഡി.എഫ് സർക്കാർ തയാറാകുമോയെന്നും എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ ചോദിച്ചു. അനാവശ്യമായ കേസുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. വിശ്വാസ, ആചാര സംരക്ഷണത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യും. വാഗ്ദാനങ്ങളല്ല പ്രവർത്തനമാണ് വേണ്ടതെന്ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ പ്രസിഡന്റ് മഹാരാജ ശിവാനന്ദൻ നിർദ്ദേശിച്ചു.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെന്ന് കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ഡെപ്യുട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്ടറുമായ ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. സ്വകാര്യ, ഡീംഡ് സർവകലാശാലകൾക്ക് പ്രാധാന്യം നൽകണം. ആരോഗ്യരംഗം മികച്ചതാണെങ്കിലും പാവങ്ങൾക്ക് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കണം.വൈപ്പിൻ, മുളവുകാട്, കടമക്കുടി ദ്വീപുകളിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി അദ്ധ്യക്ഷൻ ഫാ. ജോസഫ് പടിയാരംപറമ്പിൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് പരിഗണന നൽകകണമെന്ന് ധീവരസഭ സംസ്ഥാന ട്രഷററും അമൃത ആശുപത്രി അഡ്മിനിസ്‌ട്രേറ്ററുമായ വി.കെ. സുധാകരൻ ആവശ്യപ്പെട്ടു.

മത്സ്യോത്പന്ന കയറ്റുമതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സീ ഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് അലക്‌സ് നൈനാൻ ചൂണ്ടിക്കാട്ടി.

ആചാരാനുഷ്ഠനങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വികസന പദ്ധതികൾ പ്രാവർത്തികമാക്കാൻ വേഗത വേണമെന്നും എഡ്രാക് പ്രസിഡന്റും ആൾ കേരള ബ്രാഹ്മിൺസ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ പി. രംഗദാസ പ്രഭു നിർദേശിച്ചു.

കാരുണ്യ, കാൻസർ ചികിത്സ പദ്ധതികൾ പുന:സ്ഥാപിക്കണമെന്നും ഡോ. ജുനൈദ് റഹ്മാൻ നിർദേശിച്ചു. സങ്കരചികിത്സാ നിർദ്ദേശം ഒഴിവാക്കണമെന്ന് ഐ.എം.എ കൊച്ചി ശാഖാ പ്രസിഡന്റ് ഡോ. ടി.ജി. രവി നിർദേശിച്ചു.

മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സി.സി. ജേക്കബ്, മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേഷ് നടേശ്, കെ.എൽ. മോഹനവർമ്മ, വേണു രാജാമണി, നടൻ സലിംകുമാർ, കുഞ്ഞിമുഹമ്മദ് മൗലവി എന്നിവരും പങ്കെടുത്തു.